Share this Article
News Malayalam 24x7
ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വിഡിയോ സന്ദേശവുമായി പ്രധാനമന്ത്രി
Prime Minister

ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വിഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ജിഡിപിയില്‍ വളര്‍ച്ചയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സെല്‍ഫി വിഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി നേട്ടം രാജ്യത്തോട് പങ്കുവെച്ചത്. സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്കും ഇടയിലാണ് രാജ്യം ഈ വളര്‍ച്ച കൈവരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 7.8 ശതമാനം വളര്‍ച്ച കൈവരിച്ചത് രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമാണ്. കോവിഡ് കാലമായ 2020 മുതല്‍ ആഗോളതലത്തില്‍ സ്ഥിരതയില്ലാത്ത സാഹചര്യമാണെങ്കിലും ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനകത്ത് നിരാശ പടര്‍ത്തുന്നവരും 'നുണകളുടെ പ്രതിധ്വനി' സൃഷ്ടിക്കുന്നവരുമുണ്ടെങ്കിലും ഇത്തരം പ്രചാരണങ്ങളെ മറികടന്നാണ് ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചതെന്നും മോദി വ്യക്തമാക്കി. സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം സ്വദേശി, വോക്കല്‍ ഫോര്‍ ലോക്കല്‍ ആശയങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു. ഇന്ത്യയില്‍ തന്നെ വിനോദസഞ്ചാരവും വിവാഹച്ചടങ്ങുകളും നടത്താന്‍ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യമായില്ലെങ്കില്‍ സ്വര്‍ണം പോലും വാങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്തതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിലൂടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനാകുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories