ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്ര നേട്ടം കുറിച്ച് എയര്‍ വൈസ് മാര്‍ഷല്‍ ശക്തി ശര്‍മ്മ. ഇന്ത്യന്‍ പ്രതിരോധസേനയിലെ നോണ്‍ മെഡിക്കല്‍ വിഭാഗത്തില്‍ നിന്ന് എയര്‍ വൈസ് മാര്‍ഷല്‍ പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടമാണ് ശക്തി ശര്‍മ സ്വന്തമാക്കിയത്.
ഇന്നലെയാണ് വ്യോമസേന ആസ്ഥാനത്ത് അസിറ്റന്റ് ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫായി ശക്തി ശര്‍മ ചുമതലയേറ്റത്. പുതിയ ചുമതലയില്‍ ഇന്ത്യന്‍ വ്യോമസേനയിലെ വിദ്യാഭ്യാസവും പരിശീലനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നതാണ് ശക്തി ശര്‍മയുടെ പ്രധാന ഉത്തരവാദിത്തം.
1994 ജൂണ്‍ 18ന് ഇന്ത്യന്‍ വ്യോമസേനയുടെ എജ്യുക്കേഷന്‍ ബ്രാഞ്ചില്‍ കമ്മീഷന്‍ ചെയ്ത ശക്തി ശര്‍മ്മയ്ക്ക് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനപരിചയമുണ്ട്. പരിശീലന സ്ഥാപനങ്ങള്‍, ഫീല്‍ഡ് സ്റ്റേഷനുകള്‍, കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ്, എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളില്‍ വിവിധ ചുമതലകള്‍ വഹിച്ചാണ് ശക്തി ശര്‍മ്മ പുതിയ പദവിയിലെത്തുന്നത്. കരിയറിലുടനീളം നിരവധി സുപ്രധാന സ്ഥാപനപരമായ പദ്ധതികള്‍ക്ക് ശക്തി ശര്‍മ്മ നേതൃത്വം നല്‍കി.
ഐഐടി കാണ്‍പൂരിലും പൂനെ സര്‍വകലാശാലയിലും ഐഎഎഫ് ചെയേഴ്സ് ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പഞ്ചാബിലെ കപൂര്‍ത്തലയിലെ സൈനിക് സ്‌കൂളിന്റെ പ്രിന്‍സിപ്പാളായി ശക്തി ശര്‍മ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് സേനകളില്‍ നിന്നുള്ള ഓഫീസര്‍മാരില്‍ സൈനിക് സ്‌കൂളിന്റെ കമാന്‍ഡറായി ചുമതലയേല്‍ക്കുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടവും ശക്തി ശര്‍മ്മ സ്വന്തമാക്കിയിട്ടുണ്ട്.