ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പില്‍ ബഞ്ചമിന്‍ നെതന്യാഹുവിനുള്ള പിന്തുണ ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ ജനതയെ അഭിസംബോധന ചെയ്ത് പങ്ക് വച്ച പോസ്റ്റില്‍, നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ നെതന്യാഹു മികച്ച പോരാളിയായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഓര്‍ക്കുക എന്ന് ട്രംപ് പറഞ്ഞു. നമ്മള്‍ ആരംഭിച്ച ജോലി നമുക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിന് നെതന്യാഹുവിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നെതന്യാഹുവല്ലാതെ മറ്റാരെങ്കിലും അധികാരത്തിലെത്തിയാല്‍ ഇറാനെതിരായ പോരാട്ടം യു.എസിന് ഒറ്റയ്ക്ക് ചെയ്യേണ്ടിവരും, അതിന് തനിക്ക് തീരെ താല്‍പര്യമില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. താന്‍ അധികാരത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ഇറാനെതിരായ യുദ്ധത്തിന് അമേരിക്കയുടെ പിന്തുണ ഉണ്ടാവില്ലെന്ന നെതന്യാഹുവിന്‌റെ പ്രചരണത്തിന് ട്രംപിന്റെ പ്രതികരണത്തോടെ കൂടുതല്‍ പിന്തുണ ലഭിച്ചു. നാളെയാണ് ഇസ്രായേല്‍ പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ്.