ഫുട്ബോളിലെ ഏറ്റവും വിഖ്യാത പുരസ്കാരങ്ങളിലൊന്നായ ബാലൺ ഡി ഓർ പുരസ്കാര ചടങ്ങിന് തൊട്ടുമുമ്പ് സംഘാടകർക്ക് വീഴ്ച്ച. പുരസ്കാരത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ, ലമീൻ യമാൽ എന്നിവരെ വിജയികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള മൂന്ന് വ്യത്യസ്ത ലേഖനങ്ങൾ അബദ്ധത്തിൽ പ്രസിദ്ധീകരിച്ചു. പുരസ്കാര പ്രഖ്യാപന ചടങ്ങ് തുടങ്ങുന്നതിന് രണ്ടര മണിക്കൂർ മുമ്പായിരുന്നു ബാലണ്‍ ഡി ഓര്‍ വിജയിയെ പ്രഖ്യാപിച്ചാല്‍ പ്രസിദ്ധീകരിക്കാനുള്ള കളിക്കാരെ കുറിച്ചുള്ള ലേഖനങ്ങള്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. വിവരങ്ങൾ പുറത്തുവന്ന ഉടൻ തന്നെ വെബ്‌സൈറ്റിൽ നിന്ന് ലേഖനങ്ങൾ നീക്കം ചെയ്തെങ്കിലും, ഇതിന്‍റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മൂന്ന് ലേഖനങ്ങളിലും വ്യത്യസ്ത താരങ്ങളാണ് ബാലൺ ഡി ഓർ നേടിയതായി പറയുന്നത്. ഹാരി കെയ്ൻ നേടിയ ഗോളുകളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഒരു ലേഖനമെങ്കിൽ, ബാഴ്‌സലോണയുടെ കൗമാര താരം ലമീൻ യമാൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലൺ ഡി ഓർ ജേതാവായി എന്നായിരുന്നു രണ്ടാമത്തെ ലേഖനം. എംബാപ്പെ കന്നി ബാലൺ ഡി ഓർ സ്വന്തമാക്കിയെന്നുമാണ് മൂന്നാമത്തെ ലേഖനത്തിൽ പ്രത്യക്ഷപ്പെട്ടത്.