തമിഴ്‌നാട് തേനി ആണ്ടിപെട്ടിയിലെ ജില്ലാ ജയിലില്‍ നിന്ന് 17 പേര്‍ ജയില്‍ ചാടി. നാല് പേരെ സമീപത്തുളള വനത്തില്‍ നിന്ന് പിടികൂടി. പ്രവീണ്‍ കുമാര്‍, രാജ്കുമാര്‍, രാജാ സിക്കന്ദര്‍, ചിലമ്പരശന്‍ എന്നിവരാണ് പിടിയിലായത്. ജയില്‍ ജീവനക്കാരെ ആക്രമിച്ചാണ് വിചാരണാ തടവുകാര്‍ രക്ഷപ്പെട്ടത്. തടവുകാരുടെ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി വൈകി തടവുകാര്‍ നടത്തിയ 'അപസ്മാര നാടകമാണ്' ജയില്‍ചാട്ടത്തിന് വഴിയൊരുക്കിയത്. ഒരേ സെല്ലില്‍ കഴിയുകയായിരുന്ന തടവുകാരില്‍ ഒരാള്‍ക്ക് കഠിനമായ അസുഖമാണെന്ന് തടവുകാര്‍ നിലവിളിച്ചതോടെയാണ് അധികൃതരെത്തിയത്. വൈദ്യസഹായം നല്‍കാനായി ജയില്‍ ജീവനക്കാര്‍ വാതില്‍ തുറന്ന നിമിഷം, ഉള്ളിലുണ്ടായിരുന്നവര്‍ ഒന്നടങ്കം ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കീഴടക്കുകയും പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. പ്രതികള്‍ പാലക്കാട്, ഇടുക്കി അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മറ്റു പ്രതികള്‍ക്കായി തേനി പൊലീസ് തെരച്ചില്‍ ഉര്‍ജ്ജിതമാക്കി.