ആത്മഹത്യ ചെയ്യാന്‍ പോവുകയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് വയനാട് മാനന്തവാടിയില്‍ കാറിന് തീ കൊളത്തി ആത്മഹത്യ ചെയ്ത സജീറിന്റെ ഭാര്യയുടെ മൊഴി. കാറില്‍ സജീര്‍ പെട്രോള്‍ വാങ്ങിവച്ചത് എന്തിനാണെന്ന് അറിയില്ലായിരുന്നുവെന്നും ഭാര്യ നജ്മുന്നിസ മൊഴി നല്‍കി. 40 ശതമാനത്തിലേറെ പൊള്ളലേറ്റ നജ്മുന്നിസ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തില്‍ വിശദമായ മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ല.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം വിശദമായി മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. അതേസമയം തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് മരിച്ച സജീര്‍ ആരോപിച്ച മാന്തവാടിയിലെ വ്യാപാരി ഇ സി ബാപ്പു ആരോപണം നിഷേധിച്ചു. താന്‍ നിരപരാധിയാണ്. സജീറിന് കെട്ടിടം വാടകയ്ക്ക് നല്‍കിയതാണ്. എന്നാല്‍ മാസങ്ങളായി വാടക കൃത്യമായി നല്‍കാറുണ്ടായിരുന്നില്ലെന്നും ഇ സി ബാപ്പു പറഞ്ഞു.
ബാപ്പുവിന്റെയും സജീര്‍ ആരോപണം ഉന്നയിച്ച മറ്റൊരാളായ പൂച്ചക്കല്ല് സ്വദേശി റഫീഖിന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഇന്നലെയാണ് കണ്ണൂര്‍ സ്വദേശി സജീര്‍ കാറിന് തീ കൊളുത്തി ആത്മഹത്യ ചെയ്ത് കാറിലുണ്ടായിരുന്ന ഭാര്യക്കും മൂന്ന് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. മാനന്തവാടിയില്‍ ഇ സി ബാപ്പുവിന്റെ വീടിന്റെ മുന്നിലായിരുന്നു ആത്മഹത്യ.