വയനാട് തുരങ്കപാത നിർമ്മാണത്തിന് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിക്കപ്പെട്ട അപ്പീൽ സുപ്രീം കോടതി തള്ളി. ഇതോടെ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിന് നിയമപരമായ തടസ്സങ്ങൾ നീങ്ങി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി തള്ളിയത്.
തുരങ്കപാത പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും കേരളത്തിന്റെ 'ജീവരേഖ'യാണ് ഈ പദ്ധതിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് കോടതി വ്യക്തമാക്കി. അതിനാൽ ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
ശരിയായ പഠനം നടത്താതെയാണ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകിയതെന്നും ഇത് പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമെന്നുമായിരുന്നു ഹർജിക്കാരായ വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ വാദം. എന്നാൽ, നിർമ്മാണ വേളയിൽ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പരാതിക്കാർക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ (NGT) സമീപിക്കാവുന്നതാണെന്നും കോടതി നിർദ്ദേശിച്ചു. തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.