വയനാട്ടിൽ സ്കൂൾ കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. ജില്ലയിൽ ഇതുവരെ 21 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സമാനമായ രോഗലക്ഷണങ്ങളുള്ള മറ്റ് നാല് കുട്ടികൾ ഇപ്പോൾ നിരീക്ഷണത്തിലാണ്.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഇന്ന് വയനാട്ടിലെത്തും. മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും തുടർനടപടികളും ചർച്ച ചെയ്യും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വയനാട് കോളിയാടി മാർ ബസേലിയസ് സ്കൂളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പനിയും ശർദ്ദിയും ബാധിച്ചതിനെ തുടർന്ന് കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കുട്ടികളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക, കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയ പ്രതിരോധ നടപടികൾ പ്രദേശത്ത് ഊർജ്ജിതമാക്കിയിട്ടുണ്ട്.