വയനാട്ടിലെ സ്കൂൾ കുട്ടികൾക്കിടയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കൂടുതൽ കുട്ടികളുടെ പരിശോധനാ ഫലങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഒൻപത് കുട്ടികൾക്കാണ് ജില്ലയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
കോളിയാടി സ്കൂളിലെ 502 കുട്ടികളാണ് ഇതുവരെ സമാനമായ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതിൽ 47 കുട്ടികൾ നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
സമ്പർക്കത്തിലൂടെ രോഗം പടരുന്നത് തടയുന്നതിനായി മൂന്ന് പഞ്ചായത്തുകളിലെയും ബത്തേരി നഗരസഭയിലെയും സ്കൂളുകൾക്ക് താൽക്കാലികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളുമായി പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതും രക്ഷിതാക്കൾ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്താനും വ്യക്തിശുചിത്വം പാലിക്കാനും പ്രത്യേക നിർദ്ദേശമുണ്ട്.