വയനാടിന് പിന്നാലെ കൊല്ലം ജില്ലയിലും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. പരവൂർ, പാലത്തറ മേഖലകളിലുള്ള രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിൽ കഴിയുന്ന രണ്ട് വിദ്യാർത്ഥികളുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പരവൂർ മേഖലയിൽ ഇതിനുമുൻപും ഷിഗല്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്ത ഭക്ഷണം കഴിച്ചതിലൂടെയോ അല്ലെങ്കിൽ മലിനജലത്തിന്റെ ഉപയോഗം വഴിയോ ആകാം രോഗം പടർന്നതെന്നാണ് പ്രാഥമിക നിഗമനം. വയനാട്ടിൽ അടുത്തിടെ ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കൊല്ലത്തും രോഗം സ്ഥിരീകരിച്ചത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ഡിഎംഒ അറിയിച്ചു. ശുചിത്വം കർശനമായി പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദ്ദേശമുണ്ട്. പ്രദേശത്തെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ഭക്ഷണശാലകളിൽ പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.