ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവദിനമായ ആഗസ്‌റ്റ് 22 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കലക്ടർ ഷാജി വി. നായർ ഉത്തരവായി. പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.
നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്‍റെ പേര് ‘വേഴു’. ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പേര് പതിച്ച ഭാഗ്യചിഹ്നത്തിന്‍റെ പ്രകാശനം മന്ത്രി എം. ലിജു നിർവഹിച്ചു. കലക്ടർ ഷാജി വി. നായർ, നടി ദേവി ചന്ദന എന്നിവർ ചേർന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.
ആലപ്പുഴ കുതിരപ്പന്തി നടുവിലെപറമ്പ് എ.ആർ. ശുഐബ് ആണ് ഇത്തവണത്തെ ഭാഗ്യചിഹ്നത്തിന് പേര് നിർദേശിച്ച വിജയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ച 1575 എൻട്രികളിൽനിന്നാണ് ഈപേര് തെരഞ്ഞെടുത്തത്. ഭാഗ്യചിഹ്നത്തിന്റെ പേരിനുള്ള എൻട്രികൾ വാട്സാപ്പ് മുഖേനയാണ് ക്ഷണിച്ചത്. എൻട്രികളിൽ 30 പേരാണ് ‘വേഴു’ എന്ന പേര് നിർദേശിച്ചത്. ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്ക് മുല്ലയ്ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി ലഭിക്കും.