Share this Article
News Malayalam 24x7
നവജാത ശിശുവിന്റെ മരണം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും
Nedumangad Newborn Death

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാത ശിശു മരിച്ച സംഭവത്തിൽ, അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഗൈനക്കോളജി, പീഡിയാട്രിക്സ്, അനസ്തീഷ്യ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങിയ മൂന്നംഗ സംഘമാണ് കേസിൽ വിശദമായ പരിശോധന നടത്തിയത്[1]. കഴിഞ്ഞ ദിവസം തന്നെ അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് (DME) സംഘം സമർപ്പിച്ചിരുന്നു. ചികിത്സാ നടപടികളിൽ വീഴ്ചയുണ്ടായോ, ശസ്ത്രക്രിയ വൈകിയോ തുടങ്ങിയ കാര്യങ്ങളാണ് സംഘം പ്രധാനമായും പരിശോധിച്ചത്.


മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനകൾ നടന്നിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും കുറ്റാരോപിതർക്കെതിരെ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന തുടർനടപടികൾ. നിലവിൽ സംഭവത്തിൽ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി പുറത്തുവരാനുണ്ട്. ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ മരണകാരണം സംബന്ധിച്ച നിഗൂഢതകൾ നീക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ മൊഴികളും പരിശോധനാ ഫലങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ ബന്ധപ്പെട്ട വകുപ്പിന് കൈമാറും.


മരിച്ച കുഞ്ഞിന്റെ അച്ഛൻ ബിനിൽ ആരോപണവിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഡോക്ടർക്ക് കൈക്കൂലി നൽകിയെന്ന് അച്ഛൻ മൊഴി നൽകിയിട്ടുണ്ട്. രണ്ട് തവണയായി 5000 രൂപ വീതം ഡോക്ടർക്ക് നൽകിയെന്നാണ് മൊഴി. കുഞ്ഞിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിൽ നടന്ന സമരത്തെ തുടർന്ന് ഡോക്ടർ ബിന്ദു സുന്ദറിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരുന്ന. ഡോക്ടർക്കെതിരെ ശക്തമായ നടപടിയെടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം നിലപാടെടുത്തിരുന്നു. സസ്പെൻഷൻ നടപടിക്ക് ശേഷമാണ് കുടുംബം പോസ്റ്റ്മോർട്ടത്തിന് സമ്മതം അറിയിച്ചത്.


ഡോക്ടറുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് ഗവൺമെന്റ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്തെത്തിയിട്ടുണ്ട്. ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് നടപടിയെന്ന് ആരോപിച്ച് സംഘടന ഇന്നലെ ആശുപത്രിയിൽ ഒ.പി ഉൾപ്പെടെയുള്ള അടിയന്തരമല്ലാത്ത സേവനങ്ങൾ ബഹിഷ്കരിച്ചു. ചികിത്സയ്ക്കിടെ സംഭവിക്കുന്ന സങ്കീർണ്ണതകളെ ചികിത്സാ പിഴവായി മുദ്രകുത്തി ആൾക്കൂട്ട വിചാരണ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി.


അതേസമയം, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ആശുപത്രി പ്രവർത്തനം തടസപ്പെടുത്തിയതിനും സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തതിനുമാണ് കേസ്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories