തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളിയും ഏറ്റുമുട്ടലും. കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കൗൺസിലർമാരെ ആംബുലൻസിലാണ് നഗരസഭയിൽ എത്തിച്ചത്. കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി ഉൾപ്പെടെയുള്ള മൂന്ന് കൗൺസിലർമാരെയാണ് ആംബുലൻസിൽ നഗരസഭയിൽ എത്തിച്ചത്.
ഉച്ചയ്ക്ക് 2.30ന് കൗണ്‍സില്‍ യോഗം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം. ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ആരംഭിച്ചു. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് കയ്യാങ്കളിയും ഏറ്റുമുട്ടലും പരസ്പരമുള്ള ചീത്തവിളിയും അടക്കമുള്ള നാടകീയ സംഭവങ്ങള്‍ക്ക് കൗണ്‍സില്‍ യോഗം സാക്ഷിയായത്.
കൗണ്‍സില്‍ യോഗം പിരിഞ്ഞതിന് പിന്നാലെ യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ശബരീനാഥന്‍ ഹാജര്‍ രജിസ്റ്ററില്‍ ഒപ്പിടുകയും പരിശോധിക്കുകയും ചെയ്തു. ഈസമയത്ത് രജിസ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാര്‍ അദ്ദേഹത്തിന്റെ അരികിലേക്ക് പോയി. പരസ്പരമുള്ള വാക്കേറ്റം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ പിടിവലിയായി. അതിനിടെ രജിസ്റ്റര്‍ വലിച്ചുകീറി നശിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി.സംഘര്‍ഷത്തിനിടെ സ്ത്രീ കൗണ്‍സിലര്‍മാരെ ഏകപക്ഷീയമായി ആക്രമിച്ചുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. പാര്‍ട്ടിയുമായി ആലോചിച്ച് നിയമ നടപടികളിലേക്ക് കടക്കുമെന്ന് യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം രജിസ്റ്ററില്‍ തിരുത്തല്‍ വരുത്താനാണ് ശബരീനാഥ് ശ്രമിച്ചതെന്നും സിപിഐഎമ്മിന് വേണ്ടി ബി ടീമായി യുഡിഎഫ് പ്രവര്‍ത്തിച്ചുവെന്നും ബിജെപി ആരോപിക്കുന്നു.യോഗ അജണ്ടയിലെ എല്ലാ തീരുമാനങ്ങളും പാസ്സ് ആക്കിയതായി അറിയിച്ചുകൊണ്ട് മേയർ യോഗം പിരിച്ചു വിട്ടു.ഹാജര്‍ രജിസ്റ്ററില്‍ ആര്‍ സുഗതന് ഇന്ന് ഒപ്പിട്ടില്ലെങ്കിൽ കൂടുതൽ കുരുക്കാകും. തുടർച്ചയായി രണ്ട് യോഗങ്ങളിൽ സുഗതൻ ഹാജറാകാത്ത സ്ഥിതി ആകും. അത് ഒഴിവാക്കാന് ഹാജർ ബുക്ക് പിടിച്ചു വാങ്ങി എന്നാണ് യുഡിഎഫ് വിശദീകരിക്കുന്നത്.മൂന്ന് യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാകും.