തിരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കുന്നതിനായി വോട്ടർമാർക്ക് കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ ഒരാൾക്കെതിരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തു. കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകൻ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയെത്തുടർന്നാണ് പോലീസിന്റെ ഈ നടപടി.
ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 900 രൂപ വീതം വിലയുള്ള 26 വിഷു കിറ്റുകൾ ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന് വേണ്ടിയാണ് കിറ്റുകൾ വിതരണം ചെയ്തതെന്നാണ് എൽഡിഎഫിന്റെ ആരോപണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് എൽഡിഎഫ് വിമർശിച്ചു.