അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഋഷികേശ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് ജെ എന്നിവരെ കണ്ണൂർ സിറ്റി സൈബർ ക്രൈം വിഭാഗം സാഹസികമായാണ് പിടികൂടിയത്.
'ഇൻസ്റ്റാ പേ' (Insta Pay) എന്ന ലോൺ ആപ്പ് വഴിയുള്ള കടുത്ത ഭീഷണി കാരണമാണ് നിതിൻ ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതർ ആരോപിക്കുന്നത്. നിതിന്റെ ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ വന്നിരുന്നതായും ഇത് കുട്ടിയെ മാനസികമായി തളർത്തിയെന്നുമാണ് പ്രാഥമിക നിഗമനം. പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
അതേസമയം, കോളേജ് അധികൃതരുടെ വാദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞ് നിതിന്റെ കുടുംബം രംഗത്തെത്തി. കോളേജിലെ ചില അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമാണ് നിതിന്റെ മരണത്തിന് കാരണമെന്നും, ഈ അധ്യാപകരെ സംരക്ഷിക്കാനാണ് ലോൺ ആപ്പ് വിഷയം അധികൃതർ ഉയർത്തിക്കൊണ്ടുവരുന്നതെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ ഒളിവിൽ പോയ അധ്യാപകർക്കായി പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നും കോളേജ് അധികൃതർ ഒത്തുകളിക്കുകയാണെന്നും നിതിന്റെ പിതാവ് പറഞ്ഞു. ലോൺ ആപ്പ് തട്ടിപ്പിനൊപ്പം തന്നെ കോളേജിനുള്ളിലെ പീഡനാരോപണങ്ങളും ഗൗരവമായി അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.