കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐ എംപി സന്തോഷ് കുമാർ നടത്തിയ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി സിപിഎം കണ്ണൂർ സിറ്റി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷഹറാസ്. ഒറ്റയ്ക്ക് മത്സരിച്ചാൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്തവരാണ് സിപിഎമ്മിന്റെ നേതൃമാറ്റത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും മുന്നണിക്കുള്ളിലിരുന്ന് പാരപണിയുന്ന പണി അവസാനിപ്പിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്നും ഷഹറാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചു.
"പ്രിയ കമ്മ്യൂണിസ്റ്റ് നേതാവേ" എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഷഹറാസ് തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇടതുപക്ഷം ഇതിനുമുമ്പും തോറ്റിട്ടുണ്ടെന്നും തോൽവികളെക്കുറിച്ച് പഠിച്ച് തിരുത്തി മുന്നേറിയ ചരിത്രമാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു തെരഞ്ഞെടുപ്പിൽ തോറ്റാൽ അത് 'ലജ്ജാകരം' എന്ന് വിശേഷിപ്പിക്കാൻ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് എങ്ങനെ കഴിയുമെന്നും ഷഹറാസ് ചോദിച്ചു. 10 വർഷം തുടർച്ചയായി ഭരിച്ച ഒരു മുന്നണി തോൽക്കുമ്പോൾ പ്രതിപക്ഷത്തിന് പുതിയ മുഖം വേണമെന്ന് പറയുന്നതിന്റെ പിന്നിലെ 'ഉദ്ദേശശുദ്ധി' ഞങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം പരിഹസിച്ചു.
ഇടതുപക്ഷം പരാജയപ്പെട്ടാൽ തിരുത്തി മുന്നോട്ട് പോകാൻ ഒറ്റക്കെട്ടായ പ്രവർത്തനമാണ് വേണ്ടത്. അതിന് പകരം മുന്നണിക്കുള്ളിലിരുന്ന് പാരപണിയുന്ന രീതി ഒഴിവാക്കണം. കുറച്ച് പ്രവർത്തകരെ ഒപ്പം കൂട്ടി ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും ഷഹറാസ് തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. സന്തോഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇടതുപക്ഷത്തെ പൊതുമണ്ഡലത്തിൽ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്ന വികാരമാണ് സിപിഎം പ്രാദേശിക നേതൃത്വത്തിനുള്ളത്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം, തോൽവി ലജ്ജാകരമാണെന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് പിണറായി വിജയൻ മാറി പുതിയ മുഖങ്ങൾ വരണമെന്നും സന്തോഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നത്. കണ്ണൂരിൽ എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിൽ, സന്തോഷ് കുമാറിന്റേത് പോലുള്ള പ്രസ്താവനകൾ കൂടുതൽ പ്രകോപനമുണ്ടാക്കുന്നതാണെന്ന് സിപിഎം വിലയിരുത്തുന്നു.
അതേസമയം, സന്തോഷ് കുമാറിന്റെ പ്രസ്താവന പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി തടിതപ്പിയെങ്കിലും, സിപിഎം-സിപിഐ വാക്പോര് കണ്ണൂരിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.