ഇടുക്കി:ചിന്നക്കനാൽ സൂര്യനെല്ലിയിൽ വീണ്ടും കാട്ടാന ഇറങ്ങി. സൂര്യനെല്ലി ടൗണിനടുത്താണ് കാട്ടാന ഇറങ്ങിയത്. സിങ്കുകണ്ടത്ത് രാവിലെ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ ആന തന്നെയാണ് വീണ്ടും ഇറങ്ങിയത്. ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ ആനയെ തുരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
സൂര്യനെല്ലി ടൗണിന് സമീപത്തുള്ള യൂക്കാലി മരങ്ങൾക്കിടയിൽ കുഞ്ഞിനൊപ്പം നിലയുറപ്പിച്ച പിടിയാനയെ തുരുത്താനുള്ള ശ്രമം നടത്തുകയാണ്. ചെരുവിൽ നിൽക്കുന്നത് കൊണ്ട് തുരുത്തൽ നടപടി ദുഷ്‌ക്കരമാണ് എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. രാവിലെ യുവതിയെ ആക്രമിച്ച ആന തന്നെയാണ് ഇതെന്നും ഫോറസ്റ്റ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് 18 ആനകളുണ്ടെന്നും അതിൽ നിന്ന് കൂട്ടം തെറ്റിയ പിടിയാനയും കുഞ്ഞുമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.രാവിലെ നടന്ന കാട്ടാന ആക്രമണത്തിൽ മകനെ സ്‌കൂളിലാക്കാൻ പോയ യുവതി കൊല്ലപ്പെട്ടിരുന്നു. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. മകനെ സ്‌കൂളിൽ വിടാൻ പോവുമ്പോഴായിരുന്നു ആക്രമണം. കൂടെ ഉണ്ടായിരുന്ന കുഞ്ഞിനും സാരമായി പരിക്കേറ്റു. രാവിലെ എട്ടുമണിയോടെയായിരുന്നു കാട്ടാന ആക്രമണം. മഴയും കോടമഞ്ഞും ആയതിനാൽ ആന നിൽക്കുന്നത് അറിയാതെ ഇരുവരും അതിന് മുമ്പിൽ പെടുകയായിരുന്നു.