കൊച്ചി: ടിനി ടോമിനെതിരായ പരാതി ഒരുകാരണവശാലും പിൻവലിക്കില്ലെന്ന് നടിയും താരസംഘടന 'അമ്മ' മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും. സർക്കാർ തനിക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസമെന്നും നടി പറഞ്ഞു. ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അൻസിബ.
'വീട്ടിലുള്ളവരുമായിപ്പോലും എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു. പുറത്തുപറയാൻ പോലും കഴിയാത്ത കാര്യങ്ങളാണ് എന്നെക്കുറിച്ച് പറഞ്ഞത്. ആ പറഞ്ഞതൊക്കെ ഞാൻ എങ്ങനെയാണ് ക്ഷമിക്കണം എന്ന് പറയുന്നത്? ഒരിക്കലും ക്ഷമിക്കില്ല, മറക്കില്ല. ഒരാളോടും പറയാൻ പറ്റാത്ത കാര്യങ്ങളാണ് ടിനി ടോം എന്നെക്കുറിച്ച് പറഞ്ഞത്. ഓരോ വ്യക്തിയുടേയും കുടുംബത്തിലും ഇങ്ങനെ സംഭവിച്ചാലേ അതിന്റെ വേദന അറിയുകയുള്ളൂ','ഞാൻ പറയുന്നത് മനസിലാക്കുന്ന കേരളത്തിലെ ജനങ്ങൾ കൂടെയുണ്ട് എന്ന ഒറ്റ ബലത്തിലാണ് ഇപ്പോൾ നിൽക്കുന്നത്.
പരാതി പിൻവലിക്കില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കും. നിയമപോരാട്ടത്തിലൂടെ ജയിക്കുമെന്ന് ഉത്തമബോധ്യമുണ്ട്. സത്യത്തിനൊപ്പമാണ് ഞാൻ നിൽക്കുന്നത്. ടിനി ടോമിന് ഒരുപാട് സ്വാധീനമുണ്ടായേക്കാം. രാഷ്ട്രീയക്കാരുമായും പാർട്ടികളുമായും ബന്ധമുള്ള ആളായിരിക്കാം. എന്തൊക്കെയായാലും ഇന്നത്തെ കേരള സർക്കാർ എന്റെ കൂടെയുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുകയാണ്', അവർ വ്യക്തമാക്കി.'അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഡബിൾ ഡാഡി സിൻഡ്രോം എന്ന് ടിനി ടോം എഴുതി അയച്ച മെസേജ് ഉണ്ട്. അൺപാർലമെന്ററിയാണ് വാക്ക് എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, ഇത് പാർലമെന്റിൽ പോലും ഉപയോഗിക്കുന്ന വാക്കാണെന്ന് അദ്ദേഹം മറുപടി നൽകി. ഡബിൾ ഡാഡി സിൻഡ്രോമിന് എനിക്കറിയുന്ന അർഥം ഒന്നേയുള്ളൂ. അതിന് നല്ലൊരു അർഥമുണ്ടെന്ന് എനിക്കറിയില്ല’, നടി കൂട്ടിച്ചേർത്തു.
തന്റെ പരാതി കേൾക്കാൻ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ച സമിതിയെക്കുറിച്ച് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അൻസിബ പറഞ്ഞു. സംഘടനയുടെ പ്രസിഡന്റും ആരോപണ വിധേയയാണ്. പ്രസിഡന്റുള്ള ഒരു സമിതിക്കുമുമ്പാകേയും തന്റെ പരാതി പറയാൻ എത്തില്ലെന്നും നടി വ്യക്തമാക്കി.