Share this Article
News Malayalam 24x7
ഭൂകമ്പമെന്ന് കരുതി, വലിയ സ്ഫോടന ശബ്ദം, മരങ്ങൾ നിന്നുകത്തി, ചിതറിത്തെറിച്ച് ശരീരങ്ങൾ, മതിൽ തകർത്ത് ഫയർ എഞ്ചിൻ
വെബ് ടീം
posted on 21-04-2026
1 min read
mundathikode

തൃശൂർ: മൂന്ന് ദിവസങ്ങൾക്കുള്ളിൽ കേരളമാകെ കൊണ്ടാടുന്ന തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങൾ നിർമിക്കുന്ന തിരക്കിനിടയിലാണ് മുണ്ടത്തിക്കോടിനെ മൊത്തത്തിൽ നടുക്കിയ സ്ഫോടനം. ഭൂകമ്പം പോലെ ശബ്ദത്തോടെ ആളുകൾക്ക് ഞെട്ടലുണ്ടാക്കുന്ന പൊട്ടിത്തെറിയോടെ  പ്രദേശമാകെ പുക ഉയർന്നത്. വൈകീട്ട് മൂന്നരയോടെയാണ് വലിയ ദുരന്തം. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. 

സ്ഫോടനം നടന്നത് രണ്ടര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന അഞ്ച് താൽക്കാലിക വെടിക്കെട്ട് പുരകളിൽ. സ്ഫോടന ശബ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്ന് പ്രദേശവാസികൾ പറയുന്നു. വീടിന്റെ ജനാലകളും വാതിലുകളും വാഹനങ്ങളും കുലുങ്ങി.ഓടിയെത്തിയവർ കണ്ടത് നിന്നു കത്തുന്ന വെടിപ്പുരകളാണ്.മരങ്ങളിലേയ്ക്കും തീ പടർന്നു. ചിലത് ചിന്നിത്തെറിച്ചു. വെടിപ്പുരകൾ പ്രവർത്തിച്ചിരുന്ന ഷെഡ്ഡുകൾ തകർന്ന് തെറിച്ച് അവ നിർമിച്ചിരുന്ന കല്ലുകൾ ദൂരെ പാടത്തേക്കുവരെ തെറിച്ചുവീണു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തി. പുകയുയർന്നപ്പോൾ തന്നെ ഇറങ്ങിയോടിയ ചിലർ ഞെട്ടലൊഴിഞ്ഞതോടെ അപകടത്തിൽപ്പെട്ട മറ്റുള്ളവരെ ആശുപത്രിയിലെത്താക്കാനായി പാഞ്ഞു.

രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പക്ഷേ, ദുരന്തം അതിന്റെ ഏറ്റവും ഉഗ്രമായ വ്യാപ്തിയിൽ തന്നെ ബാധിച്ചിരിക്കുകയാണെന്നാണ് വിവരം.ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്. 13 പേർ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. നാൽപതോളം പേരെ ഇതിനോടകം ആശുപത്രിയിൽ ചികിത്സയിലുണ്ട്.

എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  മരിച്ചവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories