Share this Article
News Malayalam 24x7
'തെറ്റുപറ്റിയെന്ന് പറഞ്ഞ് നിലത്തിരുന്നു..' കുറ്റസമ്മതം, നെടുങ്കണ്ടം ഇരട്ടക്കൊലയിൽ സജി പിടിയിൽ
വെബ് ടീം
2 hours 22 Minutes Ago
1 min read
saji

നെടുങ്കണ്ടം ഇരട്ടക്കൊല കേസിലെ പ്രതി സജി പിടിയിൽ. വീടിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വീടിന് പിന്നിലുള്ള മലയിൽ ഒളിച്ചിരിക്കുകയായിരുന്നു. ഡ്രോണുകളുപയോഗിച്ച് നടത്തിയ പരിശോധന ആരംഭിച്ചതോടെ സജി തന്നെ താഴേയ്ക്ക് ഇറങ്ങി വരികയായിരുന്നു.സമീപത്തെ ഒരു കടയിലേക്ക് നടന്നു വന്ന സജി, തനിക്ക് തെറ്റുപറ്റിപ്പോയെന്നും കീഴടങ്ങുകയാണെന്നും അവിടെയുണ്ടായിരുന്ന നാട്ടുകാരോട് കുറ്റസമ്മതം നടത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സജിയുടെ അമ്മ മേരി (70) സഹോദരന്‍ റെജി (48) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്.വീട്ടിൽ മേരിയും രണ്ട് ആൺ മക്കളുമാണ് താമസിച്ചിരുന്നത്. അവിവാഹിതരായ റെജിയും സജിയും കൂലിപ്പണിക്കാരാണ്. മേരിയുടെ മകൾ സിനി വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലാണ്. നാട്ടുകാരുമായി ഇവർക്ക് വലിയ ബന്ധമില്ല. മേരിയേയും റെജിയേയും കുറച്ചുനാളായി പുറത്തുകാണാത്തതിനെ തുടർന്ന് നാട്ടുകാർ സജിയോട് കാര്യം തിരക്കിയിരുന്നു. എന്നാൽ പരസ്പര വിരുദ്ധമായ മറുപടിയാണ് സജി നൽകിയത്. ഇതിൽ സംശയം തോന്നിയ നാട്ടുകാർ സിനിയെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സിനിയാണ് അമ്മയേയും സഹോദരനേയും കാണാനില്ലെന്ന് പറഞ്ഞ് നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയത്. കേസ് അന്വേഷിക്കാൻ വീട്ടുവളപ്പിൽ എത്തിയ പൊലീസ് വീട്ടുവളപ്പിൽ മണ്ണ് ഇളകി കിടക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരടി താഴ്ചയിലായിരുന്നു മൃതദേഹങ്ങൾ.സജി പിടിയിലായതോടെ 2018ൽ ഇതേ വീട്ടിൽ നിന്നും കാണാതായ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും വലിയ ദുരൂഹതകൾ ഉയരുന്നുണ്ട്. പിതാവിനെയും സജി കൊലപ്പെടുത്തിയതാകാം എന്ന സംശയം സഹോദരി സിനി പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ 2018ലെ തിരോധാനം സംബന്ധിച്ച കേസ് പുനരന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories