Share this Article
News Malayalam 24x7
വനിതാ ഡോക്ടർ മോഷണക്കേസിൽ അറസ്റ്റിൽ
വെബ് ടീം
0 hours 48 Minutes Ago
1 min read
doctor

തൃശ്ശൂർ അമല ആശുപത്രിയിലെ ഹോസ്റ്റലിൽ നിന്നും ഡോക്ടർമാരുടെ ലാപ്ടോപ്പും പണവും വിലപിടിപ്പുള്ള രേഖകളും  മോഷ്ടിച്ചെന്ന കേസിൽ   വനിത ഡോക്ടർ പിടിയിൽ. ലക്നൗ സ്വദേശി ഡോ. ദീപ്തി സിംഗ്  (30)നെ ആണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.ഡോക്ടറായ പാലക്കാട് സ്വദേശിനിയും സുഹൃത്തുക്കളും താമസിച്ചിരുന്ന മുറിയിൽ നിന്നും വിലപ്പെട്ട കാർഡുകളും പണവും ലാപ് ടോപ്പും നഷ്ടപെട്ടിരുന്നു. ഇക്കാര്യത്തിന് പേരാമംഗലം സ്റ്റേഷനിൽ ലഭിച്ച പരാതിയിലെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

സർട്ടിഫിക്കറ്റോടുകൂടി ഡോക്ടറാണെന്ന് അവകാശപെടുന്ന പ്രതിക്ക് എവിടെയും കയറി ചെല്ലാൻ പറ്റുമെന്നതിനാൽ, എളുപ്പത്തിൽ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റലിൽ കയറി പരാതിക്കാരിയായ ഡോക്ടർ പുറത്ത് പോയ തക്കം റൂമിൽ കയറി ലാപ്ടോപ്പും പണവും മറ്റ് വിലപിടിപ്പുള്ള രേഖകളും മോഷ്ടിച്ചു കടന്ന് കളയുകയായിരുന്നു. ആഡംബര ജീവിതത്തിനും മറ്റും മോഷണം പതിവാക്കിയ പ്രതി തൃശൂർ സിറ്റി പോലീസ് വിരിച്ച വലയിൽ വന്നു വീഴുകയായിരുന്നു.തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സാഗോക് ടീമും പേരാമംഗലം പോലീസും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ ഈ റോഡിലെ  ഒരു ഹോട്ടലിൽ ആഡംബര ജീവിതം നയിക്കുകയായിരുന്ന  പ്രതിയെ കുടുക്കിയത്.

വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ കറങ്ങി നടന്ന്  ഡോക്ടർ എന്ന മേൽവിലാസം ഉപയോഗിച്ച് ഹോസ്പിറ്റലുകളിൽ കയറിപ്പറ്റുകയും തുടർന്ന് അവിടെ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയും മറ്റും മോഷണം ചെയ്തു കടന്നുകളയുന്നതുമാണ് ഇവരുടെ രീതി. മോഷ്ടിച്ച പണം ഉപയോഗിച്ച് മറ്റ് നഗരങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മറ്റും മാറുകയും പിന്നീട് അവിടെ തമ്പടിച്ച് ഹോസ്പിറ്റലുകളിൽ മോഷണം നടത്തുകയും അതിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചുള്ള ആഡംബര ജീവിതമാണ് പ്രതി നയിച്ചു വന്നത്.  

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സേതു, തൃശൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശശിധരൻ, തൃശൂർ പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഹേന്ദ്ര സിംഹൻ എന്നിവരും തൃശ്ശൂർ സിറ്റി  SAGOC ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ P. K പഴനി സ്വാമി, സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ എന്നിവരും പേരാമംഗലം പോലീസ് സ്റ്റേഷനിലെ എസ്. ഐ  അശോകൻ, എസ്. ഐ സുജിത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുഗതൻ,വനിതാ സിപി ഒ സുമയ്യ എന്നിവരുമാണ് ഉണ്ടായിരുന്നത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories