Share this Article
News Malayalam 24x7
ഖനിയിൽനിന്ന് നേരിട്ട് സ്വർണക്കട്ടി, വിശ്വസിച്ച് ലക്ഷങ്ങൾ മുടക്കിയവർ നിരവധി, 'കെജിഎഫ് സിദ്ധൻ' പിടിയിൽ
വെബ് ടീം
posted on 11-06-2026
1 min read
KGF SIDDHAN

തൃശൂർ: സ്വർണഖനികളിൽ നിന്ന് ലഭിക്കുന്ന ശുദ്ധമായ സ്വർണം കുറഞ്ഞ നിരക്കിൽ നൽകാമെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷക്കണക്കിന് രൂപ തട്ടിയ വ്യാജ സിദ്ധൻ പിടിയിൽ. 'കെജിഎഫ് സ്വാമി' എന്നറിയപ്പെടുന്ന പത്തനംതിട്ട മാധവപുരം സ്വദേശി ഷാജി(61) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരിലെ ഉഴുവത്തുകടവിലുള്ള വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തന്ത്രപൂർവമാണ് പൊലീസ് വലയിലാക്കിയത്.

തനിക്ക് സ്വർണഖനികളുമായി നേരിട്ട് ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ പക്കൽനിന്ന് വലിയൊരു കത്തി, ഒരു കിലോയോളം വരുന്ന വ്യാജസ്വർണക്കട്ടി, ഒമ്പത് മാലകൾ, അഞ്ച് വളകൾ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. ഇവ ഖനിയിൽ നിന്ന് നേരിട്ട് കൊണ്ടുവന്നതാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആവശ്യക്കാർക്ക് വിറ്റിരുന്നത്.

തന്റെ പക്കലുള്ള സ്വർണ്ണം പൂ‌ജിച്ചതാണെന്നും അവയ്‌ക്ക് സിദ്ധിയുണ്ടെന്നും ആളുകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കൂടുതൽ പേരുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.ഷാജിക്കെതിരെ നേരത്തെയും സമാനമായ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ സ്വർണ്ണ ഗണപതി വിഗ്രഹം ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയതിന് ഇയാൾക്കെതിരെ കേസുണ്ട്. തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories