ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു. നെയ്യാറ്റിന്‍കര ഗോപന്റേത് കൊലപാതകം ആണെന്ന് സംശയം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലത്തില്‍ അടക്കം കൊലപാതകത്തിന്റെ സാധ്യതകള്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്തിമ റിപ്പോര്‍ട്ട് നെയ്യാറ്റിന്‍കര കോടതിയില്‍ നല്‍കി കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
2025 ജനുവരി ഒന്‍പതിനായിരുന്നു സംഭവം നടന്നത്. കിടപ്പുരോഗിയായിരുന്ന പൂജാരിഗോപന്‍ സമാധി സ്ഥലത്തു പോയി ഇരുന്ന് ജീവന്‍ വെടിഞ്ഞുവെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നത്.അച്ഛന്‍ സമാധിയായെന്ന് കാണിച്ച് മക്കള്‍ വീടിന് സമീപം പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തിരുന്നു പിന്നാലെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ന്നാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.