ചെന്നൈ: ജോലി ആവശ്യത്തിനായി ഭർത്താവ് മറ്റൊരു നഗരത്തിലേക്ക് മാറേണ്ടിവരുമ്പോഴെല്ലാം ഭാര്യയും ഒപ്പം പോകണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.
വോഡഫോണിന്റെ ജനപ്രിയ പരസ്യത്തിലെ പഗ് നായയുടെ ചിത്രം പരാമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. 16 വർഷമായി വേർപിരിഞ്ഞ് കഴിയുന്ന ദമ്പതികളുടെ ദീർഘകാലമായി തുടരുന്ന വിവാഹ തർക്കം പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. ഭർത്താവിന്റെ വിവാഹമോചന ഹർജി തള്ളിയ കുടുംബക്കോടതിയുടെ ഉത്തരവ് കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, എം.ഡി. സുമതി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
1992 സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം. നാല് മക്കളുണ്ട്. കേസ് ഹൈക്കോടതിയിലെത്തുമ്പോൾ ഭർത്താവിന് 67 വയസ്സായിരുന്നു. തൊഴിൽ ആവശ്യത്തിനായി ശിവഗംഗയിൽ നിന്ന് മുംബൈയിലേക്ക് മാറിയ ഭർത്താവ് ഭാര്യയെ ഒപ്പം കൊണ്ടുപോയില്ല. പിന്നീട് ഭാര്യയ്ക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.എന്നാൽ, ശിവഗംഗ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചില്ല. ലൈംഗിക ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നത് ഏറെ പ്രായോഗികമല്ലെന്നും ഭർത്താവ് പോകുന്നിടത്തെല്ലാം ഭാര്യയെ കൊണ്ടുപോകേണ്ടത് ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്നും കുടുംബക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമർശം.
കുടുംബക്കോടതിയുടെ നിരീക്ഷണം ഹൈക്കോടതി അംഗീകരിച്ചില്ല. ജോലി സാഹചര്യങ്ങൾ കാരണം എല്ലാ സാഹചര്യങ്ങളിലും ഭാര്യയും ഭർത്താവും ഒരുമിച്ച് നിൽക്കുന്നത് പ്രായോഗികമല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭർത്താവ് സൈനികനായിരിക്കുകയാണെങ്കിൽ സൈനിക ബാരക്കിൽ കുടുംബത്തോടൊപ്പം നിൽക്കുന്നത് സാധ്യമല്ലെന്നും കോടതി പറഞ്ഞു. ഭാര്യയ്ക്ക് സ്വന്തമായി ജോലി ഉണ്ടായിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ വോഡഫോണിന്റെ പരസ്യത്തിലെ പഗ് നായയെപ്പോലെ ഭാര്യയ്ക്ക് ഭർത്താവിനെ എല്ലായിടത്തും പിന്തുടരനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന ഭർത്താവിന്റെ ആരോപണം കോടതി അംഗീകരിച്ചില്ല. ആരോപിക്കപ്പെട്ട വ്യക്തിയെ കേസിൽ കക്ഷിയാക്കിയിരുന്നില്ല. വിവാഹേതര ബന്ധം ആരോപിക്കുന്ന കേസുകളിൽ ആരോപിക്കപ്പെടുന്ന വ്യക്തിയെ കൂടി കേസിൽ കക്ഷിയാക്കണമെന്ന മുൻ മദ്രാസ് ഹൈക്കോടതി വിധിയും ബെഞ്ച് ചൂണ്ടിക്കാട്ടി. അങ്ങനെ ചെയ്യാത്തത് വിവാഹേതര ബന്ധം സംബന്ധിച്ച ആരോപണത്തെ തന്നെ ദുർബലപ്പെടുത്തുന്നതാണെന്നും കോടതി വ്യക്തമാക്കി.
16 വർഷമായി വേർപിരിഞ്ഞ് കഴിഞ്ഞിട്ടും വിവാഹബന്ധം പുനഃസ്ഥാപിക്കാൻ ഭാര്യയുടെ ഭാഗത്തുനിന്ന് ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതിനെ കോടതി ചൂണ്ടിക്കാട്ടി. ഒത്തുതീർപ്പിനുള്ള സാധ്യത പരിശോധിക്കുന്നതിനായി ഇരുവരുമായും ജഡ്ജിമാർ നേരിട്ട് സംസാരിച്ചിരുന്നു. എന്നാൽ ഇരുവർക്കുമിടയിൽ വലിയ തോതിലുള്ള വിരോധം നിലനിൽക്കുന്നതായി കോടതി കണ്ടെത്തി.തുടർന്ന് വിവാഹബന്ധം ഹൈക്കോടതി നിയമപരമായി വേർപെടുത്തി. ഭാര്യയ്ക്ക് ജീവനാംശമായി ഏഴ് ലക്ഷം രൂപ നൽകാൻ ഭർത്താവിനോട് കോടതി നിർദേശിച്ചു.