Share this Article
News Malayalam 24x7
'ഒരു വർഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല, കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?' കുന്നംകുളം കസ്റ്റഡി മർദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്
വെബ് ടീം
5 hours 5 Minutes Ago
1 min read
VS SUJITH

കൊച്ചി: ഒരു വർഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കുന്നംകുളത്ത് പൊലീസ് മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം സെക്രട്ടറി വി.എസ്. സുജിത്ത് സോഷ‍്യൽ മീഡിയയിൽ തുറന്ന കത്തുമായി രംഗത്ത്.സംഭവം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്നാണ് സുജിത് പറയുന്നത്. മർദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നും കൂടെയുണ്ടാകുമെന്നു പറഞ്ഞ നേതാക്കൾ എവിടെയാണെന്നും സുജിത് ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരാഞ്ഞു.2023 ഏപ്രിൽ അഞ്ചിനാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് സുജിത്തിനെ മർദിച്ചത്. ചൊവ്വന്നൂരിൽ വഴിയരികിൽ നിൽകുകയായിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടത് ചോദ‍്യം ചെയ്തതിനായിരുന്നു സുജിത്തിന് മർദനമേറ്റത്.

എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരായിരുന്നു സുജിത്തിനെ മർദിച്ചത്. മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ ഉൾപ്പെടെ പുറത്തു വന്നിരുന്നു. ഇതോടെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ അധികാരത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും കേസിൽ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

സുജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് :

ഒരു വർഷം… എന്നിട്ടും നീതി എവിടെ?

പോലീസ് ലോക്കപ്പിൽ മർദ്ദനത്തിനിരയായ എന്നോട് അന്ന് എന്‍റെ നേതാക്കൾ പറഞ്ഞു.

“ഭയപ്പെടേണ്ട… ഞങ്ങൾ കൂടെയുണ്ട്.

നീതിക്കായി അവസാനം വരെ പൊരുതും... നിന്നെ തല്ലിയവരെ പോലീസ് ഡിപ്പാർമെന്‍റിൽ പുറത്താക്കും വരെ പോരാടും....

ആ വാക്കുകളിൽ വിശ്വസിച്ച് ഞാനും കുടുംബവും കാത്തിരുന്നു.

ഇന്ന് ഒരു വർഷം കഴിഞ്ഞിരിക്കുന്നു ,നമ്മുടെ സർക്കാർ വന്നു, പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാൾ മുഖ്യമന്ത്രിയായി, മറ്റൊരാൾ ആഭ്യന്തരമന്ത്രിയായി, വേറൊരാൾ KPCC പ്രസിഡന്‍റായി തുടരുന്നു

പക്ഷേ ചോദിക്കുകയാണ്—

മർദ്ദനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നമ്മുടെ സർക്കാർ എന്ത് നടപടി എടുത്തു?

അന്വേഷണം എവിടെയെത്തി?

നടപടി വൈകുന്നതിന് പിന്നിൽ എന്താണ്?

അന്ന് “കൂടെയുണ്ടാകും” എന്ന് പറഞ്ഞ നേതാക്കൾ ഇന്ന് എവിടെയാണ്?

അധികാരത്തിന്‍റെ മുന്നിൽ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയും വിലയാണോ ഉള്ളത്???

ഇത് ഒരു വ്യക്തിയുടെ മാത്രം പോരാട്ടമല്ല.

നാളെ ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന അനീതിക്കെതിരായ പോരാട്ടമാണ്.....

വാഗ്ദാനങ്ങൾ വേണ്ട.

നടപടി വേണം.

എനിക്ക് രാഷ്ട്രീയ സംരക്ഷണം വേണ്ട.

നീതി വേണം.....!!!!

ഒരു വർഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താണ് പറയാനുള്ളത്?

“ഞങ്ങൾ കൂടെയുണ്ട്” എന്ന വാക്ക് വീണ്ടും പറയുന്നതിന് മുമ്പ്,

ഒരിക്കൽ എങ്കിലും പ്രവർത്തിച്ച് കാണിക്കൂ....

നീതി വൈകുന്നത് കാക്കിയിട്ട മർദ്ദകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാകരുത് എന്നു മാത്രം ഓർമിപ്പിച്ച് എന്‍റെ കത്ത് ചുരുക്കുന്നു



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories