കൊച്ചി: സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിമൂലം നേരിടുന്ന സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകൾ നൽകിയ ഹർജി ഹൈക്കോടതിയും കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും തള്ളി.ഹൈക്കോടതിയിലെത്തിയ ഹർജി ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വിഎം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് തള്ളിയത്. പദ്ധതി സംസ്ഥാന സർക്കാരിന്റെ വിവേചനാധികാരമെന്ന് കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയാണിതെന്നും കമ്മീഷൻ.
പദ്ധതിമൂലം സ്വകാര്യ ബസ് ഉടമകൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. പലപ്പോഴും കാലിയായി ഓടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും ഇതിനു പരിഹാരമുണ്ടാക്കണമെന്നും ചൂണ്ടിക്കാട്ടി ബസുടമകൾ സർക്കാരിനെ സമീപിച്ചിരുന്നു.എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ചർച്ചകളൊന്നും ഉണ്ടാകാത്തതിന്റെ തുടർന്നാണ് സ്വകാര്യ ബസുടമകൾ കോടതിയെ സമീപിച്ചത്. ഹർജിയിൽ ഭരണഘടനാലംഘനമോ വിവേചനമോ കാണാനാവുന്നില്ല എന്നാണ് കോടതി പറഞ്ഞത്.പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമെന്ന് ചൂണ്ടിക്കാണിച്ചാണ് സമരപരിപാടികൾ തീരുമാനിച്ചിരുന്നത്.
പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകളാണ് വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളത്.ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ബസുടമകളുമായി ചർച്ചയ്ക്ക് തയാറാണെന്ന് മന്ത്രി സി പി ജോൺ പറഞ്ഞിരുന്നെങ്കിലും അത് ഫലം കണ്ടില്ല.