പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാക്കി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ പുതിയ തലത്തിലേക്ക്. അമേരിക്കൻ നാവികസേനയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ (അൺമാൻഡ് അണ്ടർവാട്ടർ വെസൽ) ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) പിടിച്ചെടുത്തു. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ താഴ്ചയിൽ തുടർച്ചയായി പത്തുദിവസത്തോളം നിരീക്ഷണ ദൗത്യം നിർവഹിക്കാൻ ശേഷിയുള്ള അത്യാധുനിക ഡ്രോൺ സബ്‌മെറൈനാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. ഇതിന്റെ ദൃശ്യങ്ങളും ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ, ഹോർമുസ് കടലിടുക്കിന് മുകളിലൂടെ സഞ്ചരിച്ച അമേരിക്കയുടെ ‘എം.ക്യു-1’ (MQ-1) ഡ്രോൺ തടഞ്ഞതായും ഇറാൻ അവകാശപ്പെട്ടു.
അതേസമയം, ഇറാന്റെ അഞ്ച് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണം നടത്തി. അന്താരാഷ്ട്ര കപ്പൽപാതകളിലെ അക്രമങ്ങൾക്ക് തിരിച്ചടിയായാണ് ഈ നടപടിയെന്ന് യു.എസ് വ്യക്തമാക്കി. ഇറാന്റെ എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള ഇത്തരം പ്രതിരോധ നടപടികൾ ഇനിയും തുടരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കർശന മുന്നറിയിപ്പ് നൽകി. കുവൈറ്റിലും ബഹ്‌റൈനിലും നങ്കൂരമിട്ടിട്ടുള്ള തങ്ങളുടെ എണ്ണക്കപ്പലുകൾ മാറ്റാൻ ഐ.ആർ.ജി.സി കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എണ്ണക്കപ്പലുകൾക്ക് നേരെയുള്ള യുഎസ് ആക്രമണത്തിന് തൊട്ടുപിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാനും രംഗത്തെത്തി. ജോർദാനിലെ അൽ അസ്റഖ് (Al-Azraq) സൈനിക വ്യോമതാവളത്തിന് നേരെ ഐ.ആർ.ജി.സി മിസൈൽ ആക്രമണം നടത്തി. മേഖലയിലെ യു.എസ് സഖ്യകക്ഷി താവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
സൈനിക നടപടികൾക്കൊപ്പം ഇറാന് മേൽ സാമ്പത്തിക ഉപരോധവും അമേരിക്ക ശക്തമാക്കി. ഇറാനുമായി ബന്ധമുള്ള 36 പുതിയ സ്ഥാപനങ്ങൾക്ക് യു.എസ് ധനകാര്യ വകുപ്പ് ഉപരോധം ഏർപ്പെടുത്തി. നേരത്തെ 27 ഇറാനിയൻ വിമാനക്കമ്പനികൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. സാമ്പത്തിക, നയതന്ത്ര മേഖലകളിൽ ഇറാന്റെ ശ്വാസംമുട്ടിക്കുകയാണ് വാഷിങ്ടണിന്റെ ലക്ഷ്യം. എന്നാൽ ഇത്തരം ഉപരോധങ്ങൾ തങ്ങളെ തളർത്തില്ലെന്നും യാതൊരു കാരണവശാലും അമേരിക്കയ്ക്ക് മുന്നിൽ വഴങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കി. സമാധാന ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടിയതോടെ മേഖല സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന കടുത്ത ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.