Share this Article
News Malayalam 24x7
യുവാവിനൊപ്പമുള്ള വീഡിയോ പ്രചരിച്ചത് അഭിമാന പ്രശ്‌നമുണ്ടാക്കി; 22 കാരിയെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചു കൊന്നു, റോഡപകടമായി ചിത്രീകരിച്ച് അച്ഛനും സഹോദരനും
വെബ് ടീം
1 hours 17 Minutes Ago
1 min read
sofia

അഹമ്മദാബാദ്: യുവതിയെ കൊലപ്പെടുത്തി അപകടമരണമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച അച്ഛനും സഹോദരനും അറസ്റ്റിൽ. 22 കാരിയായ സോഫിയയാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചുള്ള ചിന്തകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

സ്വകാര്യ ആശുപത്രിയിലെ റിസപ്‌ഷനിസ്റ്റായി ജോലി ചെയ്യുന്ന സോഫിയയുടേതെന്ന തരത്തിൽ പ്രചരിച്ച വീഡിയോയാണ് കൊലപാതകത്തിന് കാരണമായത്. ഓഗസ്റ്റ് 12ന് രാത്രിയാണ് കൊലപാതകം നടന്നത്. പിതാവ് മൊഹമ്മദ് ഷാറൂഖും സഹോദരൻ മൊഹമ്മദ് ഹാബിലും (38) ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവർ സോഫിയയെ ബൈക്കിൽ ആളൊഴിഞ്ഞ സ്ഥലത്തേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം പ്രധാന റോഡിലേക്ക് മാറ്റി.ഹാബിൽ തന്റെ ബൈക്കിന് കേടുവരുത്തി അപകടം സംഭവിച്ചെന്ന് തോന്നിപ്പിക്കുന്ന ഒരു രംഗമൊരുക്കി. സ്ഥലത്തെത്തിയവർ ചേർന്ന് സോഫിയയെ സോള സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു. തങ്ങൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനമിടിച്ച് അപകടമുണ്ടായെന്ന് കാണിച്ച് ഹാബിൽ പൊലീസിൽ പരാതി നൽകുകയും ചെയ്‌തു.ഏകദേശം മൂന്നുമാസം മുൻപാണ് സോഫിയയുടേതാണെന്ന തരത്തിൽ മറ്റൊരു പുരുഷനൊപ്പമുള്ള വീഡിയോ സോഷ്യൽ മീ‌ഡിയയിൽ പ്രചരിച്ചത്. ഇതിന് പിന്നാലെ കുടുംബം കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന് അപമാനമുണ്ടാകുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി. കൊലപാതകം നടത്താനായി ഹാബിൽ ഇരുമ്പ് ചുറ്റിക വസ്‌ത്രത്തിൽ ഒളിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പിതാവും മകനും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌ത ശേഷം റോഡപകടമാക്കി വരുത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ഷാറൂഖിനെയും ഹാബിലിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തുവരികയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories