Share this Article
News Malayalam 24x7
ഇറാനെതിരെ ആക്രമണം തുടർന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്
US Central Command Continues Strikes Against Iran Targets in Strait of Hormuz

ഹോർമുസ് കടലിടുക്ക് ലക്ഷ്യമിട്ട് യുഎസ്-ഇറാൻ സൈനിക സംഘർഷം അതിരൂക്ഷമായി തുടരുന്നു. തുടർച്ചയായ ഒൻപതാം ദിവസവും ഇറാന്റെ സൈനിക ശേഷി തകർക്കാൻ ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളെയും സിവിലിയൻ നാവികരെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണ ശേഷി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

ഇറാന് മേൽ നാവിക ഉപരോധം കർശനമായി തുടരുന്നതിനിടയിലാണ് പുതിയ വ്യോമാക്രമണ പരമ്പര നടക്കുന്നത്. ഉപരോധത്തിന്റെ ഭാഗമായി ആറ് വാണിജ്യ കപ്പലുകളുടെ വഴി തിരിച്ചുവിടുകയും ഒരെണ്ണം പ്രവർത്തനരഹിതമാക്കുകയും ചെയ്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. അതിനിടെ, ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ഒരു യുഎസ് സൈനികൻ കൂടി കൊല്ലപ്പെട്ടു. വെടിവെച്ചിട്ട ഇറാനിയൻ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് സൈനികൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. കൂടാതെ, ജോർദാനിൽ വെച്ച് കാണാതായ മറ്റൊരു യുഎസ് സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായും യുഎസ് അധികൃതർ സ്ഥിരീകരിച്ചു.


അതേസമയം, ഗൾഫ് മേഖലയിലുള്ള യുഎസ് അനുകൂല രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം ഇറാൻ ശക്തമാക്കിയിട്ടുണ്ട്. ജോർദാൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ തങ്ങൾ തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. അമേരിക്കയുടെ ആക്രമണം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം പൂർണ്ണമായും തടസ്സപ്പെടുത്തുമെന്നും ഒരു തുള്ളി ഇന്ധനം പോലും കടത്തിവിടില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


മേഖലയിൽ യുദ്ധസാഹചര്യം ശക്തിപ്പെട്ടതോടെ ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യക്കാർ ഇറാൻ സന്ദർശിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാരോട് അനാവശ്യ യാത്രകൾ ഒഴിവാക്കാനും സാഹചര്യം വിലയിരുത്തി രാജ്യം വിടുന്നത് പരിഗണിക്കാനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories