ചെങ്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം. സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള 'എൻസിലിയ', 'ലൈല' എന്നീ എണ്ണക്കപ്പലുകൾക്ക് നേരെയാണ് യെമനിലെ ഹൂതി വിമതർ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയത്.
സൗദി തീരത്ത് നിന്ന് 70 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ എൻസിലിയ കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായതായി സൗദി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും (UKMTO) സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഹൂതികൾ ചെങ്കടലിൽ ആക്രമണം ശക്തമാക്കിയത്. ബാബ് അൽ മന്ദബ് കടലിടുക്കിലെ ഗതാഗതത്തെയും ഈ ആക്രമണങ്ങൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന് പുറമെ ചെങ്കടലിലും സംഘർഷം കടുക്കുന്നത് അന്താരാഷ്ട്ര എണ്ണ വ്യാപാര മേഖലയെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.