കരിങ്കടലിൽ റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ജൂലൈ 18-നാണ് 'എം.വി ഒമോർഫി' (MV OMORFI) എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു.
ആക്രമണ സമയത്ത് കപ്പലിൽ ആകെ 10 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ ഇന്ത്യക്കാരായിരുന്നു. കൊല്ലപ്പെട്ട ഇന്ത്യൻ നാവികന്റെ കുടുംബത്തോട് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യക്കാരുൾപ്പെടെ ബാക്കി 9 ജീവനക്കാരും സുരക്ഷിതരാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
റഷ്യയിലെ ഇന്ത്യൻ എംബസി വഴി വിഷയം സദാ നിരീക്ഷിച്ചു വരികയാണെന്നും കൊല്ലപ്പെട്ട നാവികന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിവിലിയൻമാർ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.
അതേസമയം, ഇറാൻ സമുദ്രാതിർത്തിക്ക് സമീപം മൊസാംബിക് പതാക വഹിച്ചിരുന്ന എൽ.പി.ജി ടാങ്കർ കപ്പലിന് നേരെയും ആക്രമണമുണ്ടായി. എന്നാൽ കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.