എത്തനോൾ കലർന്ന ഇ20 പെട്രോൾ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ സമരം ശക്തമാക്കാൻ ആം ആദ്മി പാർട്ടി (എ.എ.പി). എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പാർട്ടി പ്രതിഷേധ മാർച്ച് നടത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർച്ച് നിശ്ചയിച്ചിരിക്കുന്നത്.
ഇ20 പെട്രോളിനൊപ്പം സാധാരണ പെട്രോളും എല്ലാ ഇന്ധന സ്റ്റേഷനുകളിലും ലഭ്യമാക്കുക, ഇ20 പെട്രോളിന്റെ വില കുറയ്ക്കുക, ഈ ഇന്ധനം ഉപയോഗിക്കുന്നത് വഴി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ പഠന റിപ്പോർട്ട് പരസ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആം ആദ്മി പാർട്ടി സമരം സംഘടിപ്പിക്കുന്നത്.
എത്തനോൾ പെട്രോളിനെതിരെ എ.എ.പി നടത്തിയ 'നാഷണൽ ടൗൺ ഹാൾ എഗെയ്ൻസ്റ്റ് ഇ20' കാമ്പയിനിലൂടെ ജനങ്ങളിൽ നിന്ന് 2,33,238 പരാതികൾ ലഭിച്ചതായി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. പൊതുജനങ്ങളിൽ നിന്നും വാഹന ഉടമകളിൽ നിന്നും ശേഖരിച്ച ഈ പരാതികൾ മാർച്ചിനിടെ പ്രധാനമന്ത്രിക്ക് നേരിട്ട് സമർപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. എത്തനോൾ പെട്രോൾ ഉപയോഗിക്കുന്നത് സാധാരണക്കാർക്ക് വരുത്തുന്ന സാമ്പത്തിക നഷ്ടവും വാഹനങ്ങൾക്കുണ്ടാകുന്ന ദോഷങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും എ.എ.പി വൃത്തങ്ങൾ വ്യക്തമാക്കി.