താമരശ്ശേരി:കോഴിക്കോട് താമരശേരിയിലെ 'ഫ്രഷ്‌കട്ട് ഓർഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്വകാര്യ കോഴിയറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിന് സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ നൽകിയത്. സ്ഥാപനത്തിൽ വീണ്ടും പരിശോധന നടത്താനും കോടതി നിർദേശം.' ഫ്രഷ്‌കട്ട്' പ്ലാന്റിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.നാളെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും കളക്ടറും ചേർന്ന് പ്ലാന്റിൽ പരിശോധന നടത്തും. തുടർന്നായിരിക്കും റിപ്പോർട്ട് തയാറാക്കി പ്ലാന്റ് പ്രവർത്തിക്കണമോ എന്നതിൽ തീരുമാനം എടുക്കുക.
കോഴിക്കോട് ജില്ലയിലെ കോഴിയറവുമാലിന്യങ്ങൾ സംസ്‌കരിച്ചുവരുന്ന കട്ടിപ്പാറ അമ്പായത്തോട് ഈരൂട് റോഡരികിലെ 'ഫ്രഷ്‌കട്ട്' പ്ലാന്റ് എല്ലാ പ്രവർത്തനങ്ങളും പൂർണമായി നിർത്തിവെച്ച് അടിയന്തരമായി അടച്ചുപൂട്ടണമെന്ന് നിർദേശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ എസ്. ശ്രീകല ബുധനാഴ്ചയാണ് ഉത്തരവിട്ടത്.
ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നു. ഒക്ടോബര്‍ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു