വാരാണസി: കനത്ത മഴയെത്തുടർന്ന് വാരാണസിയിൽ 'നമസ്തേ' പ്രതിമ ഉൾപ്പെടെ 84 ഘാട്ടുകളും പൂർണമായും വെള്ളത്തിനടിയിൽ. ഗംഗാനദിയിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങൾ പ്രളയഭീതിയിലാണ്. തിങ്കളാഴ്ച നദിയിലെ ജലനിരപ്പ് 70.07 മീറ്ററിലെത്തി.ഇത് ഈ വർഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയാണ്.ഇവിടെ അപകട മുന്നറിയിപ്പ് പരിധി 70.262 മീറ്ററും, അപകട നില 71.26 മീറ്ററുമാണ്.
താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. നമോ ഘാട്ടിനു സമീപത്തുള്ള റിവർ പോലീസ് കമ്മീഷണറേറ്റ് ഓഫീസിലും വെള്ളം കയറിയിട്ടുണ്ട്.ദിവസേന സുബഹ്-ഇ-ബനാറസ് ഉത്സവം നടക്കുന്ന അസി ഘട്ടിലെ വേദി വീണ്ടും ഗംഗാ ജലത്തിൽ മുങ്ങി. ആരതി വേദിയും മാറ്റി സ്ഥാപിക്കേണ്ടി വന്നു. മണിക്കൂറിൽ നാല് സെൻ്റീമീറ്റർ എന്ന തോതിലാണ് നിലവിൽ ഗംഗയിലെ ജലനിരപ്പ് ഉയരുന്നത്.ഗംഗാ നദിയിലൂടെയുള്ള ബോട്ട് സർവീസ് അധികൃതർ താത്കാലികമായി നിർത്തിവെച്ചു.വാരാണസിയിൽ ഉടനീളം 61 ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര ജല കമ്മീഷനും ദുരന്തനിവാരണ വകുപ്പും നൽകുന്ന സൂചന പ്രകാരം അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാ നദിയിലെ ജലനിരപ്പ് ഉയരുന്നത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.