അയോധ്യ സംഭാവന തട്ടിപ്പ് വിവാദങ്ങള്‍ക്കിടെ രാമക്ഷേത്രത്തിലെ ആദ്യ സിഇഒ പ്രഖ്യാപനം ഇന്നുണ്ടായേക്കും. ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നിതൃ ഗോപാല്‍ ദാസിന്റെ വസതിയില്‍ ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകും. യോഗത്തില്‍ രണ്ട് അംഗങ്ങളെയും ജനറല്‍ സെക്രട്ടറിയെയും ട്രസ്റ്റ് പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍. സിഇഒ ഉള്‍പ്പടെ മൂന്ന് പേരടങ്ങുന്ന കമ്മിറ്റി നിയമനവുമായി ബന്ധപ്പെട്ട് 5500 അപേക്ഷകളാണ് ഇതുവരെ സെലക്ഷന്‍ കമ്മിറ്റിക്ക് ലഭിച്ചത്. ഇതില്‍ നിന്നും 3 പേരുടെ പേരുകള്‍ ക്ഷത്ര ട്രസ്റ്റിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. വിശദമായ പരിശോധന, വിവിധ ഇടങ്ങളില്‍ നടന്ന കൂടിക്കാഴ്ചകള്‍, അഭിമുഖങ്ങള്‍ അടക്കം പൂര്‍ത്തിയായതിന് ശേഷമാണ് അന്തിമ പട്ടിക ട്രസ്റ്റിന് കൈമാറിയത്. ക്ഷേത്ര ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുക അടക്കമുള്ള കാര്യങ്ങള്‍ മുന്നില്‍കണ്ടാണ് സിഇഒയെ നിയമിക്കാനുള്ള തീരുമാനത്തിലേക്ക് ട്രസ്റ്റ് എത്തുന്നത്. മൂന്ന് വര്‍ഷമായിരിക്കും പുതിയ കമ്മിറ്റിയുടെ സേവന കാലാവധി. വഴിപാടുകളുടെ മോഷണം സംബന്ധിച്ച വിവാദത്തിന്റെയും ക്ഷേത്ര ട്രസ്റ്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ രാജിയുടെയും പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.