മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. മത്സരങ്ങളുടെ ഡിപിആർ തയ്യാറാക്കിയതിലും വൻ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് കൊള്ളലാഭം നേടാൻ കഴിയുന്ന തരത്തിലാണ് ഡിപിആർ തയ്യാറാക്കിയതെന്ന് റിപ്പോർട്ട്.
സ്പോർട്സ് കേരള ഫൗണ്ടേഷൻ തയ്യാറാക്കിയ ഡിപിആറിൽ വരുമാനം കുറച്ചും ചെലവ് പെരുപ്പിച്ചുമാണ് കണക്കുകൾ രേഖപ്പെടുത്തിയത്. 82 കോടി രൂപ വരുമാനവും 210 കോടി രൂപ ചെലവും കണക്കാക്കിയ ഡിപിആറിൽ 128 കോടിയുടെ കമ്മി ബജറ്റ് ഗ്രാന്റായി കണ്ടെത്തണമെന്നും ശുപാർശ ചെയ്തിരുന്നു.
ടിക്കറ്റ്, സംപ്രേക്ഷണം എന്നിവയിൽ നിന്നുള്ള വരുമാനം മാത്രമാണ് ഡിപിആറിൽ ഉൾപ്പെടുത്തിയത്. സ്പോൺസർഷിപ്പ്, മെർച്ചൻഡൈസിംഗ്, സെൽഫി, ഗെറ്റ് ടുഗെദർ, ടേബിൾ ഡിന്നർ തുടങ്ങിയ വരുമാന സാധ്യതകൾ ഒഴിവാക്കിയെന്നാണ് കണ്ടെത്തൽ. മെസ്സിയുടെ സന്ദർശനത്തിലൂടെ 200 കോടി രൂപയെങ്കിലും ലാഭമുണ്ടാക്കാനാകുമായിരുന്നുവെന്നും എൻ. പ്രശാന്തിന്റെ രണ്ടാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.