Share this Article
News Malayalam 24x7
വീണ ജോര്‍ജ്ജിനെതിരെ പ്രചാരണത്തിന് ഇറങ്ങി ഹര്‍ഷീന
Harshina Campaigns Against Health Minister in Aranmula, Seeks Votes for UDF Candidate

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി നിഷേധിക്കപ്പെട്ട ഹർഷിന, ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രചാരണത്തിനിറങ്ങി. ആറന്മുള മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് വേണ്ടിയാണ് ഹർഷിന വോട്ട് തേടുന്നത്. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രചാരണ പരിപാടികളിൽ ഹർഷിന സജീവമായി പങ്കെടുത്തു.

തനിക്ക് നേരിട്ട ദുരനുഭവത്തിലും നീതിക്കായുള്ള പോരാട്ടത്തിലും സർക്കാർ ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രായോഗികമായി യാതൊരു നീതിയും ലഭിച്ചിട്ടില്ലെന്ന് ഹർഷിന ആരോപിച്ചു. 15 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം കാണുമെന്ന് വാഗ്ദാനം നൽകിയ മന്ത്രി, നാല് വർഷം കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചില്ല. താൻ അനുഭവിച്ച ശാരീരിക വേദനയേക്കാൾ വലുതാണ് സർക്കാർ നിലപാട് മൂലം ഉണ്ടായ മാനസിക വേദനയെന്ന് അവർ പറഞ്ഞു.


ജനങ്ങളെ അവഗണിക്കുന്ന വരും അപമാനിക്കുന്നവരും ആയ ജനപ്രതിനിധികളെയല്ല നാടിന് ആവശ്യമെന്നും ഹർഷിന കൂട്ടിച്ചേർത്തു. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഗുരുതരമായ വീഴ്ചയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഹർഷിന ദീർഘകാലമായി സമരത്തിലാണ്. ഇതേത്തുടർന്നാണ് തന്റെ പ്രതിഷേധം തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ അറിയിക്കാൻ അവർ തീരുമാനിച്ചത്. ഹർഷിനയുടെ സാന്നിധ്യം ആറന്മുളയിലെ തെരഞ്ഞെടുപ്പ് ചർച്ചകളിൽ പുതിയൊരു തലം നൽകിയിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories