Share this Article
News Malayalam 24x7
വിധി കാത്ത് കേരളം; മേയ് നാലിന് വോട്ടെണ്ണൽ. റെക്കോർഡ് പോളിങ് മുന്നണികളിൽ വലിയ പ്രതീക്ഷ
Kerala Assembly Election 2026

ആവേശം അണപൊട്ടിയ പ്രചാരണത്തിനൊടുവിൽ കേരളം പോളിങ് ബൂത്തിലെത്തി വിധി രേഖപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ ഇനി ആകാംക്ഷയോടെയുള്ള കാത്തിരിപ്പാണ്. മേയ് നാലിനാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുക. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിതെന്ന പ്രത്യേകതയുമുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലാണ് (81.36%). തൊട്ടുപിന്നാലെ പാലക്കാട് ജില്ലയും (80.58%) വലിയ ആവേശം പ്രകടിപ്പിച്ചു. മറ്റ് ജില്ലകളിലെ പോളിങ് ശതമാനം ഇപ്രകാരമാണ്: എറണാകുളം (79.88%), മലപ്പുറം (79.81%), കാസർഗോഡ് (79.11%), വയനാട് (78.81%). എന്നാൽ പത്തനംതിട്ട ജില്ലയിൽ താരതമ്യേന കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനം ബൂത്തുകളിലേക്ക് ഒഴുകിയെത്തിയത് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരുന്നു.



ഉയർന്ന പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്ന എൽഡിഎഫ് 80 മുതൽ 100 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ പത്തു വർഷത്തെ വനവാസത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. 85 മുതൽ 100 സീറ്റുകൾ വരെ തങ്ങൾക്ക് ലഭിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ശക്തമായ പ്രചാരണം നടത്തിയ ബിജെപി/എൻഡിഎ ക്യാമ്പ് ഇത്തവണ മൂന്ന് മുതൽ ഏഴ് സീറ്റുകൾ വരെ നേടി നിയമസഭയിൽ അക്കൗണ്ട് ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.


തിരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ കിറ്റ് വിവാദവും മറ്റു രാഷ്ട്രീയ വിവാദങ്ങളും വോട്ടർമാരെ എങ്ങനെ സ്വാധീനിച്ചു എന്നത് മേയ് നാലിന് അറിയാം. വോട്ടെണ്ണലിന് ഇനിയും ഒരു മാസത്തോളം കാത്തിരിക്കേണ്ടതുണ്ട് എന്നത് രാഷ്ട്രീയ പാർട്ടികൾക്കും ജനങ്ങൾക്കും വലിയ ആകാംക്ഷയാണ് നൽകുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories