Share this Article
News Malayalam 24x7
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; പ്രതീക്ഷയിൽ VD,RC,KC ക്യാമ്പുകൾ
Kerala CM Announcement Likely Today

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നിർണ്ണായക നീക്കം. രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ ഇന്ന് അവസാനവട്ട ചർച്ചകൾ നടത്തും. ഉച്ചയോടെയോ വൈകുന്നേരത്തോടെയോ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ജനവികാരം വി.ഡി. സതീശന് അനുകൂലമാണെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ ക്യാമ്പ്. എന്നാൽ എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. മുതിർന്ന നേതാവ് എന്ന പരിഗണന തനിക്ക് ലഭിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതീക്ഷിക്കുന്നു.


മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി അറിയിച്ച മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃയോഗം ഇന്ന് പാണക്കാട് ചേരും. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണം എന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയാണ്. പ്രഖ്യാപനം വൈകുന്നത് ജനങ്ങൾക്കിടയിൽ യുഡിഎഫിന് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്ന് ലീഗ് നേതാക്കൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.


തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി എകെജി സെന്ററിൽ നടക്കും. പാർട്ടി ശക്തികേന്ദ്രങ്ങളായ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പോലും വോട്ടുകൾ വൻതോതിൽ ചോർന്നത് ഗൗരവമായി ചർച്ച ചെയ്യും. ഭരണവിരുദ്ധ വികാരം, അഴിമതി ആരോപണങ്ങൾ, നേതാക്കളുടെ പെരുമാറ്റ രീതികൾ എന്നിവ തിരിച്ചടിക്ക് കാരണമായോ എന്ന് പരിശോധിക്കും. എന്നാൽ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories