Share this Article
News Malayalam 24x7
വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടന KPSTA
KPSTA Demands Education Portfolio for Congress

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മന്ത്രിമാരുടെ പൂർണ്ണരൂപം ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, വകുപ്പ് വിഭജനത്തെ ചൊല്ലിയും ഗ്രൂപ്പ് സമവാക്യങ്ങളെ ചൊല്ലിയും കോൺഗ്രസിനുള്ളിൽ കടുത്ത സമ്മർദ്ദമാണ് നിലനിൽക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് സംഘടനാനേതാക്കൾ വി.ഡി. സതീശനെ നേരിട്ട് കണ്ട് നിവേദനം നൽകി. മുൻകാലങ്ങളിൽ ഘടകകക്ഷികൾ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ സംഘടനയ്ക്കും കോൺഗ്രസിനും നേരിടേണ്ടി വന്ന പ്രതിസന്ധികൾ നേതാക്കൾ ചൂണ്ടിക്കാട്ടി.


അതിനിടെ, പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഹൈക്കമാൻഡ് ഊർജ്ജിതമാക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ദീപാ ദാസ് മുൻഷിയും ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി ചർച്ചകൾ നടത്തി. വി.ഡി. സതീശനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തന്റെ വിശ്വസ്തരായ എം.എൽ.എമാർക്ക് കൂടി മന്ത്രിസ്ഥാനം നൽകണമെന്ന ഉറച്ച നിലപാടിലാണ് ചെന്നിത്തല. അദ്ദേഹത്തെ ആഭ്യന്തര വകുപ്പിലേക്ക് പരിഗണിക്കുന്ന കാര്യവും സജീവമായി ചർച്ചയിലുണ്ട്.


കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, എ ശ്കതൻ എന്നിവർക്കൊപ്പം യുവനിരയിൽ നിന്ന് വി.ടി ബൽറാം, പി.സി വിഷ്ണുനാഥ്, എം ലിജു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. വനിതാ പ്രതിനിധിയായി ഷാനിമോൾ ഉസ്മാനോ ബിന്ദു കൃഷ്ണയോ എത്തിയേക്കും.


ഘടകകക്ഷികളുമായുള്ള ചർച്ചകളിലും ഏകദേശ ധാരണയായിട്ടുണ്ട്. മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനങ്ങളും ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനവും നൽകാനാണ് നീക്കം. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, കെ.എം ഷാജി, എം ഷംസുദ്ദീൻ എന്നിവരുടെ പേരുകൾ ലീഗ് പട്ടികയിലുണ്ട്. ആർ.എസ്.പിക്കായി ഷിബു ബേബി ജോൺ മന്ത്രിസഭയിലെത്തും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഇന്നും ചർച്ചകൾ തുടരും. ഇന്ന് വൈകുന്നേരത്തോടെ അന്തിമ പട്ടിക തയ്യാറാക്കി നാളെ ഗവർണർക്ക് കൈമാറാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories