Share this Article
News Malayalam 24x7
പിണറായി വിജയന് രൂക്ഷ വിമർശനം
Internal Criticism Against Pinarayi Vijayan and MV Govindan

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നടന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരെ രൂക്ഷമായ വിമർശനം. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നടന്ന അവലോകന യോഗങ്ങളിലാണ് പാർട്ടിക്കുള്ളിലെ അതൃപ്തി പരസ്യമായി പുറത്തുവന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലിയും ഭരണ വിരുദ്ധ വികാരവുമാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാന കാരണമായതെന്ന് കമ്മിറ്റിയിൽ വിമർശനമുയർന്നു. "പിണറായി ഇത്തവണ മത്സരിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ" എന്ന തരത്തിലുള്ള ഗൗരവകരമായ പരാമർശങ്ങളും യോഗത്തിലുണ്ടായി. പാർട്ടിയുടെ നയരൂപീകരണത്തിൽ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നുവെന്നും, പ്രായപരിധി പോലുള്ള നിബന്ധനകൾ എല്ലാവർക്കും ഒരുപോലെ ബാധകമാക്കുന്നില്ലെന്നും വിമർശനമുയർന്നു.


പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മാധ്യമങ്ങളോടുള്ള സമീപനത്തെയും യോഗം വിമർശിച്ചു. മാധ്യമങ്ങളെ കാണുമ്പോൾ അദ്ദേഹം നടത്തുന്ന പ്രതികരണങ്ങൾ പാർട്ടിക്കെതിരെ കൂടുതൽ ആളുകളെ തിരിക്കാനേ ഉപകരിക്കുന്നുള്ളൂ എന്നായിരുന്നു പ്രധാന ആരോപണം. വാർത്താ സമ്മേളനങ്ങളിലെ അദ്ദേഹത്തിന്റെ ശൈലി നൂറു പേരെ പാർട്ടിക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും വിമർശനമുണ്ടായി.


കെ.കെ. ശൈലജയെ പോലുള്ള ജനകീയ നേതാക്കളെ തോൽപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നോ എന്ന സംശയവും ചില നേതാക്കൾ പങ്കുവെച്ചു. ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചത് തോൽപ്പിക്കാനായിരുന്നുവെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. പി.കെ. ബിജു, പി.എ. മുഹമ്മദ് റിയാസ്, പി. മോഹനൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ കോഴിക്കോടും നേതൃത്വത്തിനെതിരെ വിമർശനം ശക്തമായത് സിപിഎമ്മിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories