Share this Article
News Malayalam 24x7
കേരള കേൺഗ്രസ് ജോസഫ് വിഭാഗത്തിന് 2 മന്ത്രിസ്ഥാനമില്ല
Kerala UDF Cabinet

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തിരുവനന്തപുരം ഒരുങ്ങി. നാളെ രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ 21 അംഗ മന്ത്രിസഭ അധികാരമേൽക്കും. മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറും.

കോൺഗ്രസിന് 12 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയുമാണ് ലഭിക്കുക. മുഖ്യമന്ത്രി വി.ഡി. സതീശൻ ധനകാര്യം, തുറമുഖം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര-വിജിലൻസ് വകുപ്പുകൾ നൽകാൻ ധാരണയായിട്ടുണ്ട്. കെ. മുരളീധരൻ (ആരോഗ്യം), കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് (റവന്യൂ), എം. ലിജു (എക്സൈസ്), എ.പി. അനിൽകുമാർ (വിനോദസഞ്ചാരം) എന്നിവർക്ക് പുറമെ ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ എന്നിവരും മന്ത്രിസഭയിലെത്തും.


മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉറപ്പിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രിമാരാകും. അഞ്ചാമത്തെ സീറ്റിലേക്ക് വി.ഇ. അബ്ദുൽ ഗഫൂർ, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. ഇതിനിടെ, രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉറച്ചുനിൽക്കുകയാണ്. നിലവിൽ മോൻസ് ജോസഫിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

മാണി സി. കാപ്പൻ, അനൂപ് ജേക്കബ് എന്നിവർക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകുന്ന 'ടേം വ്യവസ്ഥ'യോട് ഇരു നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചു. ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന് മന്ത്രിസ്ഥാനം ലഭിക്കുമെങ്കിലും വകുപ്പിന്റെ കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.


ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ചടങ്ങാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി, സുഖ്‌വിന്ദർ സിങ് സുഖു എന്നിവരും ചടങ്ങിനെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പങ്കെടുത്തേക്കുമെന്നും സൂചനകളുണ്ട്.


മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കൽപ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു. ടി. സിദ്ദിഖ് എംഎൽഎയുടെ പരാതിയിലാണ് കേസെടുത്തത്. ഹൈക്കമാൻഡ് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചായിരുന്നു പോസ്റ്ററുകൾ. സംഭവം കോൺഗ്രസ് നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories