Share this Article
News Malayalam 24x7
സ്ത്രീകള്‍ക്കുള്ള സൗജന്യ KSRTC യാത്ര... ആദ്യ മന്ത്രിസഭ യോഗത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
Free KSRTC Travel for Women and Other Major Schemes Likely

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേറ്റതിന് പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാനാണ് പുതിയ യു.ഡി.എഫ് സർക്കാരിന്റെ തീരുമാനം.

തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനമായിരുന്ന 'ഇന്ദിരാ ഗ്യാരണ്ടി' പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് സ്ത്രീകൾക്കുള്ള സൗജന്യ കെ.എസ്.ആർ.ടി.സി ബസ് യാത്രയാണ്. കൂടാതെ, കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയും ആദ്യ യോഗത്തിൽ പ്രഖ്യാപിച്ചേക്കും.


സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് നിർണ്ണായക തീരുമാനമുണ്ടാകും. കൊച്ചിയിൽ വിജയകരമായി നടപ്പിലാക്കിയ, കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന 'ഇന്ദിര കാന്റീൻ' പദ്ധതി സംസ്ഥാന വ്യാപകമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.


ഭരണതലത്തിലെ അഴിമതി തടയുന്നതിനായി പ്രത്യേക വിജിലൻസ് കമ്മീഷനെ പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കും. സുതാര്യമായ ഭരണം ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നിർണ്ണായകമായ പല തീരുമാനങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരള ജനത. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ചുവടുവെപ്പുകൾ അതീവ താല്പര്യത്തോടെയാണ് രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories