Share this Article
News Malayalam 24x7
CPIM ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റിൽ പിണറായി വിജയനും എംവി ഗോവിന്ദനും വിമർശനം
CPIM Alappuzha District Secretariat Meeting

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ കടുത്ത വിമർശനം. പിണറായി വിജയനെ നേതൃസ്ഥാനത്തുനിന്നും മാറ്റണമെന്നും പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരത്തിലാണ് പലപ്പോഴും സംസാരിക്കുന്നതെന്ന് യോഗത്തിൽ വിമർശനമുണ്ടായി. താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാൻ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്നും അംഗങ്ങൾ ആരോപിച്ചു. സംസ്ഥാന കമ്മിറ്റിയിൽ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.


ആലപ്പുഴയിലെ പരാജയത്തിന് പ്രധാന കാരണം മുതിർന്ന നേതാവായ ജി സുധാകരനെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കാത്തതാണെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായമുയർന്നു. സുധാകരനെ മാറ്റി നിർത്തിയത് പാർട്ടി വോട്ടുകളിൽ വലിയ ഇടിവുണ്ടാക്കിയെന്നും തെറ്റായ സ്ഥാനാർത്ഥി നിർണ്ണയം തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.


സംസ്ഥാന ഭരണത്തിനെതിരെയുള്ള ജനവികാരം തിരിച്ചറിയുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും നിലവിലെ രീതി തുടർന്നാൽ അധികാരത്തിലേക്കുള്ള മടങ്ങിവരവ് അസാധ്യമാകുമെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് ജില്ലാ കമ്മിറ്റികളിലും സമാനമായ രീതിയിൽ വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories