ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ വടകരയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബീഷ് രാമകൃഷ്ണനെ ഇന്ന് ചോദ്യം ചെയ്യും. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ റിബീഷിനോട് രാവിലെ 11 മണിക്ക് വടകര ക്രൈംബ്രാഞ്ച് ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മുൻപ് നോട്ടീസ് നൽകിയിരുന്നു.
കേസിലെ രണ്ടാം പ്രതിയാണ് റിബീഷ് രാമകൃഷ്ണൻ. സംഭവം നടക്കുന്ന സമയത്ത് ഇദ്ദേഹം ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റായിരുന്നു. കഴിഞ്ഞ ജൂലൈ 17-ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി റിബീഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കേസിൽ പ്രതി ചേർത്തത്.
നേരത്തെ പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് റിബീഷ് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനാണ് ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ നടത്തുന്നത്.