ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിനോദ് നഗറിലെ സർക്കാർ സ്കൂളിലെ പത്തുവയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചതിൽ പ്രതിഷേധം. സ്കൂളിലേക്ക് പുസ്തകം കൊണ്ടുവരാത്തതിന് ശിക്ഷയായി കുട്ടിയെ വെയിലത്ത് നിർത്തിയിരുന്നതായി കുടുംബം ആരോപിച്ചു.
ഓഗസ്റ്റ് 27നാണ് സർവോദയ കന്യ വിദ്യാലയത്തിൽ സംഭവം നടന്നത്. കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സ്കൂൾ അധികൃതർ അമ്മ അഞ്ജലിയെ വിവരം അറിയിക്കുകയായിരുന്നു. സ്കൂളിലെത്തിയ അമ്മ, അസ്വസ്ഥയായി വെയിലത്ത് നിൽക്കുന്ന മകളെയാണ് കണ്ടതെന്ന് കുടുംബം പറയുന്നു.ക്ലാസിലേക്ക് പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക കുട്ടിയെ ശിക്ഷിച്ചതായാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓഗസ്റ്റ് 27ന് മരിച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു.സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെന്ന് ‘എക്‌സി’ലെ കുറിപ്പിലൂടെ മന്ത്രി അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ സംഭവവുമായി ബന്ധപ്പെട്ട അധ്യാപകനെ സ്ഥലം മാറ്റി.