സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തില്‍ പ്രതികരണവുമായി പെന്‍ഗ്വിന്‍ ഹൗസ്. സോണിയാ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന ഓര്‍മ്മപ്പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന തീരുമാനത്തിനുപിന്നില്‍ യാതൊരുവിധ ബാഹ്യസമ്മര്‍ദവുമില്ലെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ വിശദീകരിച്ചു. ഉള്ളടക്കവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ഒരു പ്രത്യേക വിഷയത്തില്‍ ധാരണയിലെത്താന്‍ ഇരുകൂട്ടര്‍ക്കും സാധിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കമ്പനി പ്രതികരിച്ചു. സാധാരണ എഡിറ്റോറിയല്‍ പരിശോധനകള്‍ മാത്രമാണ് നടന്നതെന്നും, ഏറെ താല്പര്യത്തോടെയും കഠിനാധ്വാനം ചെയ്തുമാണ് ഈ പുസ്തകത്തിന്റെ അവകാശം നേടിയിരുന്നതെന്നും പെന്‍ഗ്വിന്‍ ഇന്ത്യ വക്താവ് പല്ലവി നാരായണ്‍ അറിയിച്ചു. പ്രസാധകര്‍ പിന്മാറിയതിനുപിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്ന് ആരോപിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പുസ്തകത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ്., ചൈനയുടെ ഇന്ത്യന്‍ അതിര്‍ത്തി കൈയേറ്റം തുടങ്ങിയ ഭാഗങ്ങള്‍ നീക്കംചെയ്യാന്‍ സമ്മര്‍ദമുണ്ടായതായി രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ആരോപിച്ചിരുന്നു.എന്നാല്‍, ഈ ആരോപണങ്ങള്‍ പെന്‍ഗ്വിന്‍ ഇന്ത്യ പൂര്‍ണമായും തള്ളി. സോണിയയുടെ ഓര്‍മക്കുറിപ്പ് പുറത്തിറക്കാന്‍ പെന്‍ഗ്വിന്‍ ഇന്ത്യയ്ക്ക് വളരെയധികം താത്പര്യമുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അത് തങ്ങള്‍ നേടിയതെന്നും കമ്പനി വക്താവ് പല്ലവി നാരായണ്‍ വ്യകത്മാക്കി.