ഹൈദരാബാദ്: സെക്കന്തരാബാദിലെ സൈനിക താവളത്തിൽനിന്ന് അത്യാധുനിക സേനാ ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി. അതീവ സുരക്ഷയുള്ള ബൊല്ലാരം മിലിട്ടറി സ്റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്തുനിന്നാണ് ആയുധങ്ങൾ കാണാതായത്. നാല് അത്യാധുനിക എകെ-203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എംഎം പിസ്റ്റളുകൾ, ഒരു സിവിലിയൻ പിസ്റ്റൾ എന്നിവയുൾപ്പെടെ 12 തോക്കുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇതിനുപുറമേ രാത്രി കാഴ്ച സാധ്യമാക്കുന്ന ബൈനോക്കുലർ, 21 മാഗസിനുകൾ, 1,800 ലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്.
മോഷണം പോയ ആയുധങ്ങൾക്കു വിപണിയിൽ ഏകദേശം 15 ലക്ഷം രൂപയോളം വിലവരും.പ്രധാന വാതിലിന്റെ പൂട്ടുകളും ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികളും തകർത്ത നിലയിലാണു കണ്ടെത്തിയത്. ഓഗസ്റ്റ് 30 ന് വൈകിട്ട് 6 മണിക്ക് ആയുധപ്പുര പൂട്ടുന്ന സമയത്ത് ആയുധങ്ങളെല്ലാം അവിടെ കൃത്യമായി ഉണ്ടായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. ഏതു സമയത്താണ് കവർച്ച നടന്നതെന്ന കാര്യം വ്യക്തമല്ല. എകെ 203 റൈഫിളുകൾക്കായുള്ള 720 ഉണ്ടകളും, 9 എംഎം പിസ്റ്റളുകൾക്കായുള്ള 1,120 ഉണ്ടകളും, ഇൻസാസ് റൈഫിളിന്റെ വെടിയുണ്ടകളുമാണ് നഷ്ടപ്പെട്ടത്.