നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,295 ആയി. 5,000ത്തിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുരങ്കങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നൂറോളം ജലവൈദ്യുത തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. റസുവ ത്രിശൂലി 3 എ ജലവൈദ്യുത പദ്ധതിയുടെ ടണലിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. അതെസമയം 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാല വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. 166 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ചൈനയില്‍ നിന്ന് 1,907 ഇന്ത്യക്കാര്‍ സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നതായും ടിബറ്റന്‍ സ്വയംഭരണ മേഖലയില്‍ ഇന്ത്യന്‍ യാത്രക്കാരാരും കുടുങ്ങിക്കിടക്കുന്നില്ലെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി.നേപ്പാള്‍ സര്‍ക്കാരിന്റെ ആവശ്യാനുസരണം കൂടുതല്‍ സഹായം നല്‍കുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 21 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ കാഠ്മണ്ഡുവിലെത്തിയിരുന്നു. ഇതുവരെ ഏഴ് വിമാനങ്ങളിലായി ഏകദേശം 95 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ നേപ്പാളിലേക്ക് എത്തിച്ചതായും മന്ത്രാലയം അറിയിച്ചു.