നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഹമ്മദ് റിയാസ് MLA. എന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. എല്ലാം പൊതു രേഖയാണെന്നും ആര്‍ക്കും പരിശോധിക്കാമെന്നുമാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാരോപിച്ച് ഒരാള്‍ നല്‍കിയ സ്വകാര്യ പരാതി 2026 മെയ് 16-ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തള്ളിയതാണ്. അന്ന് മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്തയായിരുന്നില്ല.
ഹര്‍ജിക്കാരന്‍ തുടര്‍ന്ന് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ ആര് കോടതിയെ സമീപിച്ചാലും എതിര്‍കക്ഷിക്ക് നോട്ടീസ് അയയ്ക്കുന്നത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണ്.അത്തരമൊരു നോട്ടീസ് തിരുവനന്തപുരം സെഷന്‍സ് കോടതി ഞങ്ങള്‍ക്ക് അയക്കാന്‍ നിര്‍ദേശിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നത്. ഞങ്ങള്‍ക്ക് അത്തരമൊരു നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല.
നോട്ടീസ് ലഭിക്കുമ്പോള്‍ അഭിഭാഷകന്‍ ഹാജരാകുന്നതാണ് സാധാരണയായി സ്വീകരിക്കുന്ന നിയമനടപടിക്രമം.കോടതിയുടെ തികച്ചും സ്വാഭാവികമായ നടപടിക്രമത്തെയാണ് ''നേരിട്ട് ഹാജരാകണം'' എന്ന തരത്തില്‍ ബ്രേക്കിംഗ് ന്യൂസ് നല്‍കിയും ഓണ്‍ലൈനില്‍ ഫോട്ടോ വെച്ച് കാര്‍ഡ് ഇറക്കിയും വസ്തുതകളെ വളച്ചൊടിച്ച് വ്യക്തിഹത്യ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നത്. കള്ളപരാതികളെയും വ്യാജവാര്‍ത്തകളെയും നിയമപരമായി തന്നെ നേരിടുമെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.